
തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രചാരണപരിപാടികൾ ഊർജ്ജിതമാക്കിയിട്ടും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ മടിച്ച് രക്ഷിതാക്കൾ. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ഒരുമാസം 350 കുട്ടികൾ കുത്തിവെപ്പ് എടുത്തില്ലെന്നാണ് ഡിഎംഒയുടെ കണക്ക്. രക്ഷിതാക്കളുടെ ജാഗ്രത കുറവാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
മലപ്പുറം ജില്ലയിൽ ചില മത സംഘടനകളുടെ എതിർപ്പ് മൂലം പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ രക്ഷിതാക്കൾ മടികാണിക്കുന്ന വിവരം വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകളുടെ ആവശ്യകതയെ കുറിച്ചുള്ള പ്രചാരണം ശക്തമാക്കിയത്. പക്ഷെ അതൊന്നും അത്ര ഫലം കാണുന്നില്ലെന്നാണ് തലസ്ഥാനത്തെ കണക്ക് കാണിക്കുന്നത്.
ജില്ലയിൽ പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത 25 കുട്ടികളുണ്ട്. 345 കുട്ടികൾ ഭാഗികമായി മാത്രമാണ് കുത്തിവെപ്പ് നൽകിയത്. ഡിഫ്ത്തീരിയ മൂലം ജില്ലയിൽ ആറുമാസത്തിനിടെ രണ്ട് കുട്ടികൾ ചികിത്സതേടിയിരുന്നു. 216 പേർക്ക് അഞ്ചാം പനിയും 11 പേർക്ക് വില്ലൻ ചുമയും 51 പേർക്ക് മുണ്ടിനീരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധ മരുന്നെടുക്കാത്ത കുട്ടികളുടെ വീടുകളിലെത്തി കൂടുതൽ ബോധവൽക്കരണം നല്‍കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam