കാട്ടിലെ കുരുമുളക് മുതൽ കശ്മീർ കുങ്കുമം വരെ...; വരൂ, പുത്തരിക്കണ്ടത്ത് കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ ശേഖരം

Published : Feb 26, 2023, 07:41 PM IST
കാട്ടിലെ കുരുമുളക് മുതൽ കശ്മീർ കുങ്കുമം വരെ...; വരൂ, പുത്തരിക്കണ്ടത്ത് കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ ശേഖരം

Synopsis

വനത്തിൽ നിന്ന് ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, ശുദ്ധമായ കോഫി പൗഡർ, മഞ്ഞകൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി (വനത്തിൽ നിന്നും ലഭിക്കുന്ന ഒരിനം കുന്തിരിക്കം), കുടംപുളി, ഇഞ്ചി, മുളയരി എന്നിവയും വിൽപ്പനക്കുണ്ട്.

തിരുവനന്തപുരം: കാശ്മീർ താഴ്വരയിലെ ഭൗമസൂചിക പദവിയുള്ള കുങ്കുമപ്പൂവ് കണ്ടിട്ടുണ്ടോ? റോഡോഡെൻഡ്രോൺ എന്ന പൂവ് ചേർത്ത ഹെർബൽ ചായപ്പൊടിയോ?. ഇല്ലെങ്കിൽ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തേക്ക് വന്നോളൂ. കാർഷികോൽപ്പന്നങ്ങളുടെ ഒരു വൻ ശേഖരവുമായി വൈഗ 2023 പ്രദർശനവും വിൽപന മേളയും ആരംഭിച്ചു. കാശ്മീർ ഉൽപ്പന്നങ്ങളെ കൂടാതെ, ആന്ധ്രപ്രദേശ്, അസം, സിക്കിം, തമിഴ്നാട്, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂല്യ വർധിത ഉൽപ്പന്നങ്ങളും കേരള കൃഷിവകുപ്പിന്റെ വിവിധ മൂല്യ വർധിത ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. 

കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിലാണ് വൈഗ കാർഷിക പ്രദർശനം ഇന്നലെ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ തുറന്നു കാണിക്കുന്ന  തീം  സ്റ്റാളിലൂടെയാണ് പ്രവേശനം ആരംഭിക്കുന്നത്. പത്മശ്രീ ചെറുവയൽ രാമന്റെ കട്ടൗട്ടിനൊപ്പവും പറന്നു നടക്കുന്ന ഡ്രോണിനൊപ്പവും സെൽഫിയെടുക്കാം. കൃഷി വകുപ്പിന്റെ മൂല്യ വർധിത ഉൽപന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് ആരംഭിച്ച ബ്രാൻഡായ ‘കേരൾ അഗ്രോ’യിൽ ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങൾ പരിചയപ്പെടുവാൻ അവസരം ആദ്യസ്റ്റാളിൽ തന്നെയുണ്ട്.

അതിരപ്പിള്ളി ട്രൈബൽവാലി പ്രോജക്റ്റിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള വിവിധയിനം വന ഉൽപ്പന്നങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്. വനത്തിൽ നിന്ന് ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, ശുദ്ധമായ കോഫി പൗഡർ, മഞ്ഞകൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി (വനത്തിൽ നിന്നും ലഭിക്കുന്ന ഒരിനം കുന്തിരിക്കം), കുടംപുളി, ഇഞ്ചി, മുളയരി എന്നിവയും വിൽപ്പനക്കുണ്ട്. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയ ആലുവ സ്റ്റേറ്റ് സീഡ്  ഫാമിന്റെ സ്റ്റാളിൽ നിന്നും വിവിധയിനം ജൈവ കാർഷിക ഉത്പാദനോപാധികൾ ലഭിക്കും. ഗുണപജല, വെർമിവാഷ്, അമിനോ ഫിഷ്, മൈക്കോറൈസ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ തവിടോടുകൂടിയ പുട്ടുപൊടി, സംശുദ്ധമായ ജൈവ അരി, വെട്ടുമാങ്ങ അച്ചാർ, റാഗി പൊടി, മഞ്ഞൾപൊടി തുടങ്ങിയവ സ്വന്തമാക്കാം.

കേരള കാർഷിക യൂണിവേഴ്സിറ്റിയുടെ സ്റ്റാളുകളുടെ ശൃംഖല തന്നെ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തോടനുബന്ധിച്ച് മില്ലറ്റ് എക്സ്പോയിലൂടെയാണ് യൂണിവേഴ്സിറ്റി സന്ദർശകരെ വരവേൽക്കുന്നത്. ചാമ, കുതിരവാലി, ജോബ് ടിയേഴ്സ്, തിന, വരക്, കൂവരവ്, തുടങ്ങിയ ചെറു ധാന്യങ്ങളെയും  അവയുടെ ചെടികളെയും പരിചയപ്പെടാൻ കഴിയും. ഇവയുടെ മൂല്യ വർധിത ഉൽപന്നങ്ങളുമുണ്ട്. ഫ്ലവർ അറേഞ്ച്മെന്റ് ടെറേറിയം, ഡ്രൈ ഫ്ലവർ ഉൽപ്പന്നങ്ങൾ തുടങ്ങിയവയും വിവിധയിനം വാഴയിനങ്ങളായ പിസാംഗ് ജെറിബ്വായ, പിസാംഗ് സെറിബു, സകായി, ചൈനീസ് കാവണ്ടിഷ് തുടങ്ങിയവയെയും പരിചയപ്പെടുവാൻ സാധിക്കും. 

മറ്റു സംസ്ഥാന സ്റ്റാളുകളിലെ ആപ്പിൾ, വാൽനട്ട്, ഡ്രൈ ഫ്രൂട്ട്സ്, തേങ്ങയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ ഓരോ പ്രദേശത്തെയും പ്രത്യേകത നിറഞ്ഞ ഉൽപ്പന്നങ്ങളും പരിചയപ്പെടാം. കാർഷിക മൂല്യ വർധിത മേഖലയിലേക്ക് ആകർഷകരായി വരുന്ന സംരംഭകർക്ക് നിർദ്ദേശങ്ങൾ നൽകുവാനും വഴികാട്ടിയാകുവാനും വൈഗയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ സൗജന്യമായി രജിസ്ട്രേഷൻ ചെയ്യാം. കോട്ടൂർക്കോണം, മൂവാണ്ടൻ, ആൾ സീഡൺ തുടങ്ങിയ വിവിധയിനം മാവിനങ്ങൾ മുട്ടൻ വരിക്ക, തേൻവരിക്ക, വിയറ്റ്നാം ഏർലി തുടങ്ങിയ പ്ലാവിനങ്ങൾ, അലങ്കാര സസ്യങ്ങൾ, പഴവർഗ്ഗവിളകളുടെ തൈകൾ തുടങ്ങിയവ നഴ്സറികളിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. കാർഷിക പ്രദർശനത്തിന് പുറമേ വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. മാർച്ച് രണ്ടു വരെയാണ് വൈഗ കാർഷിക പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. 

ഇസ്രായേലിൽ മുങ്ങിയ കർഷകൻ നാളെ കേരളത്തിലെത്തും, നേരിട്ട് വിളിച്ചതായി സഹോദരൻ അറിയിച്ചെന്ന് കൃഷി മന്ത്രി

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം