
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ലക്ഷങ്ങളുടെ സ്വർണവേട്ട. രണ്ട് പരിശോധനകളിലായി 70 ലക്ഷത്തിന്‍റെ സ്വർണക്കടത്താണ് പിടിയിലായത്. കരിപ്പൂരിൽ വന്നിറങ്ങിയ യാത്രക്കാരിൽ ഒരാളാണ് പെർഫ്യൂം കുപ്പിക്കുള്ളിലാക്കി സ്വർണം കടത്താൻ ശ്രമിച്ചത്. കുപ്പിക്കുള്ളിൽ പെർഫ്യൂമാണെന്നാണ് ഇയാൾ പരിശോധന സമയത്ത് പറഞ്ഞത്. എന്നാൽ പരിശോധയിൽ ഇതിനുള്ളിലുണ്ടായിരുന്നത് സ്വർണമാണെന്ന് കണ്ടെത്തി. പെർഫ്യൂം കുപ്പിയിൽ സ്വർണം കൊണ്ടുവന്ന കോഴിക്കോട് മാത്തോട്ടം സ്വദേശിയായ അസ്താക് നജ്മലിനാണ് പിടിവീണത്. ഇയാളിൽ നിന്ന് കണ്ടെത്തിയ സ്വർണം പിടിച്ചെടുത്തു.
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് നടന്ന മറ്റൊരു പരിശോധയിലാണ് സ്വർണം കടത്താൻ ശ്രമിച്ച രണ്ടാമനും പിടിവീണത്. സ്വർണം ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച അൽതാബ് ഹുസൈനാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് പിടിയിലായ അൽതാബ് ഹുസൈൻ. ഇരുവരിൽ നിന്നുമായി 70 ലക്ഷത്തിന്‍റെ സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ഈ ചൊവ്വാഴ്ചയും കരിപ്പൂരിൽ വൻ തോതിൽ സ്വർണ്ണം പിടികൂടിയിരുന്നു. അന്ന് ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും ഇയാൽ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. വസ്ത്രത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചു കൊണ്ട് വന്ന വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് അന്ന് പൊലീസിന്‍റെ പിടിയിലായത്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടരയോടെയാണ് മുഹമ്മദ് സഫ്വാന്‍ ചൊവ്വാഴ്ച കരിപ്പൂരില്‍ എത്തിയത്. ധരിച്ചിരുന്ന പാന്‍റിലും ബനിയനിലും ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാന്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് ഇയാൾക്ക് പിടിവീഴുകയായിരുന്നു. സ്വർണവുമായി ഇയാള്‍ വരുന്നതിനെ കുറിച്ച് രഹസ്യവിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് സഫുവാൻ പിടിയിലായത്. വിദഗ്ദമായി സ്വര്‍ണ മിശ്രിതം വസ്ത്രത്തിൽ പൂശി കൊണ്ടുവന്നെങ്കിലും പൊലീസിന്‍റെ പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.