വളളികുന്നം കടുവിനാല്‍ ജമാ അത്ത് പളളിയില്‍ നോമ്പ് തുറയ്ക്ക് ഇത്തവണയും ഇരട്ടിമധുരം

By Web TeamFirst Published May 31, 2019, 4:57 PM IST
Highlights

വിശ്വാസികളില്‍ നിന്ന് കാര്യം മനസ്സിലാക്കിയ കാരണവര്‍ രാവിലെ നോമ്പു തുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഇങ്ങോട്ട് നൂറ് വര്‍ഷത്തിലധികമായി അന്നേ ദിവസത്തെ ഓര്‍മ്മ പുതുക്കാനായി നോമ്പുതുറ വലിയ വിളയില്‍ കുടുംബം മുറ തെറ്റാതെ ഇഫ്താര്‍ നടത്തി വരുന്നു. 

കായംകുളം: മതത്തിന്‍റെ പേരിൽ കലഹിക്കുന്നവർക്ക് മാതൃകയാവുകയാണ് നോമ്പ് തുറ ഒരുക്കുന്ന ഹിന്ദു കുടുംബം. വിശുദ്ധ റമദാനിലെ മഹത്വം നെഞ്ചിലേറ്റി മുസ്‌ലിം സഹോദരങ്ങള്‍ക്കായി നോമ്പു തുറയൊരുക്കാൻ പതിവ് തെറ്റാതെ എത്തിയാണ് വള്ളികുന്നം വലിയ വിളയിൽ കുടുംബം മാതൃകയാകുന്നത്.വളളികുന്നം കടുവിനാല്‍ മുസ്‌ലിം ജമാ അത്ത് പളളിയില്‍ കടുവിനാല്‍ വലിയ വിളയില്‍ കുടുംബാംഗങ്ങളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി നോമ്പുതുറയൊരുക്കുന്നത്.

നൂറ് വര്‍ഷം മുമ്പ് വലിയ വിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്ത കുഞ്ഞ് ജോലി കഴിഞ്ഞു വരുമ്പോള്‍ നോമ്പു തുറയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കടുവിനാല്‍ പളളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. വിശ്വാസികളില്‍ നിന്ന് കാര്യം മനസ്സിലാക്കിയ കാരണവര്‍ രാവിലെ നോമ്പു തുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഇങ്ങോട്ട് നൂറ് വര്‍ഷത്തിലധികമായി അന്നേ ദിവസത്തെ ഓര്‍മ്മ പുതുക്കാനായി നോമ്പുതുറ വലിയ വിളയില്‍ കുടുംബം മുറ തെറ്റാതെ ഇഫ്താര്‍ നടത്തി വരുന്നു. 

വെളുത്ത കുഞ്ഞിന്‍റെ മരണശേഷം പിന്നീട്  തലമുതിര്‍ന്ന കാരണവന്മാരും, പുതിയ തലമുറയും ചേര്‍ന്ന് നോമ്പുതുറ നടത്തി വരികയാണ്. പുതിയ തലമുറയിൽപ്പെട്ട പ്രകാശും, പ്രസന്നനും മുതിർന്ന അംഗങ്ങളും ചേർന്നാണ് ഇത്തവണ നോമ്പുതുറ നടത്തിയത്. നോമ്പുതുറ ദിവസം രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പളളിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് പാചകം ചെയ്ത് വിതരണം ചെയ്യുകയുമാണ് പതിവ്.

വൈകുന്നേരം നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ പങ്കെടുക്കാനായെത്തും. വരുന്നവര്‍ക്കെല്ലാം നോമ്പ് തുറക്കുന്നതിന് പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസ് എന്നിവയും പിന്നീട് വിഭവ സമൃദ്ധമായ ആഹാരവും നല്‍കും. വലിയ വിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു നിഷ്ഠ പോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേരുന്നത്. മതസൗഹാര്‍ദം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഒരു വര്‍ഷം പോലും പതിവ് തെറ്റാതെ ഇഫ്താറൊരുക്കുന്ന ഈ കുടുംബം മഹത്തായ മാതൃക തീര്‍ക്കുകയാണ്.

click me!