
തൃശൂര്‍: സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് ലഹരി വിപണി നടത്തുന്നവർക്കെതിരെ തൃശൂരിലെ എക്‌സൈസ് സേന രംഗത്ത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജാഗ്രതാ പ്രവര്‍ത്തനങ്ങളും പരിശോധനകളും നടത്തുന്നതിനാണ് എക്‌സൈസിന്റെ ഉന്നം. പോയ വര്‍ഷങ്ങളില്‍ ലഹരി മാഫിയ, ഉപഭോക്താക്കളായും ഇടനിലക്കാരായും വിതരണക്കാരായും ആശ്രയിച്ചിരുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെയാണെന്ന തിരിച്ചറിവാണ് ശക്തമായ ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനൊപ്പം കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ കളി വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി വേണ്ട.
എക്‌സൈസിന് കരുത്തേകാൻ പൊലീസും സ്റ്റുഡന്റ്‌സ് പൊലീസും ജാഗ്രതാ സമിതികളും ഒപ്പമുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ മാത്രമല്ല, മറ്റ് പ്രദേശങ്ങളും എക്‌സൈസുകാരുടെ നിരീക്ഷണത്തിലാണ്. ജില്ലയില്‍ 2019 ജനുവരി മുതല്‍ മെയ് വരെ അഞ്ചുമാസത്തിനുള്ളില്‍ മദ്യം, മയക്കുമരുന്ന് കേസുകളിലായി 382 ക്രിമിനലുകളെയാണ് അറസ്റ്റുചെയ്തത്. 215 അബ്കാരി കേസുകളിലും 176 എന്‍ഡിപിഎസ് കേസുകളിലുമായാണ് എക്‌സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റുചെയ്തത്.
കോട്പ കേസുകളിലായി പ്രതികളില്‍നിന്നും 2,33,750 രൂപ പിഴ ഈടാക്കി. 16.50 ലിറ്റര്‍ വ്യാജ മദ്യം, 346.185 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 298.250 ലിറ്റര്‍ ചാരായം, 4433 ലിറ്റര്‍ വാഷ്, 1312.4 ലിറ്റര്‍ വ്യാജകള്ള്, 394.73 കിലോഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടി, .060 ഗ്രാം എല്‍എസ്ഡി, 2.4 കിലോ ഗ്രാം ഹെറോയിന്‍, 165.69 ഗ്രാം ഹാഷീഷ് , 240 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 1.428 ഗ്രാം എംഡിഎംഎ, 292 നൈട്രസിപാം, 488.65 കിലോഗ്രാം പുകയില എന്നിവ പിടിച്ചെടുത്തതായി ജില്ലാതല ജനകീയ കമ്മറ്റി യോഗത്തിൽ എക്‌സൈസ് വിഭാഗം അറിയിച്ചു.
25 വാഹനങ്ങളും പിടിച്ചെടുക്കുകയും 95,740 രൂപ കണ്ടെടുക്കയും ചെയ്തിട്ടുണ്ട്. ജനുവരിക്കുശേഷം പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് 71 സംയുക്ത റെയ്ഡുകള്‍ നടത്തി. ആര്‍പിഎഫുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും എക്സൈസ് വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam