'നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകള്‍ കാര്യമാക്കണ്ട'; വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ രോഗികളോട്

By Web TeamFirst Published May 9, 2019, 11:35 AM IST
Highlights


കൂടാതെ രോമം നീക്കുന്നതിന് ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടതായും രോഗികളോടൊപ്പം ഉണ്ടായിരുന്നവര്‍ ആരോപിച്ചു. വയറുവേദനയെ തുടര്‍ന്ന് ചികിത്സതേടിയ ആള്‍ക്ക് ശസ്ത്രക്രിയവേണമെന്നും  മരിക്കാന്‍ ഇടയുണ്ടെന്നും വിധിയെഴുതിയ യുവാവ് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദപ്പെട്ട സംഭവവം അടുത്തിടെ ഉണ്ടായിരുന്നു. 


ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീനക്കാര്‍ക്കെതിരെ വീണ്ടും പരാതികൾ. കഴിഞ്ഞ ദിവസം ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയ ഒരാളുടെ രോമം നീക്കിയതിലെ അനാസ്ഥമൂലം വയറിനേറ്റ മുറിവുകളാണ് ഏറ്റവും ഒടുവിലത്തെ പരാതി. രോമം നീക്കിയ ജീവനക്കാന്‍ മദ്യപിച്ചിരുന്നതായി രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 

മദ്യപിച്ച് ആശ്രദ്ധയോടെയാണ് ഇയാള്‍ ഓപ്പറേഷനുള്ള രോഗിയുടെ രോമം നീക്കിയത്. ഇതാണ് മുറിവുകള്‍ ഉണ്ടാകാന്‍ കാരണം. ഈ രോഗി കൂടാതെ മറ്റ് 3 പേരുടെ കയ്യിലും കാലിലും ഇത്തരം മുറിവുകള്‍ കണ്ടിരുന്നു. ഇവര്‍ക്കും ഇതേ ജീവനക്കാരന്‍ തന്നെയാണ് രോമം നീക്കിയതെന്നും പറയുന്നു. രോഗിയോടൊപ്പമുള്ളവര്‍ വിവരം ധരിപ്പിച്ചപ്പോള്‍ 'നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകള്‍ കാര്യമാക്കണ്ട' എന്നാണ്  പരിഹാസ രൂപേണ തുളസി എന്ന ജീവനക്കാരന്‍ നല്‍കിയ മറുപടി.

കൂടാതെ രോമം നീക്കുന്നതിന് ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടതായും രോഗികളോടൊപ്പം ഉണ്ടായിരുന്നവര്‍ ആരോപിച്ചു. വയറുവേദനയെ തുടര്‍ന്ന് ചികിത്സതേടിയ ആള്‍ക്ക് ശസ്ത്രക്രിയവേണമെന്നും  മരിക്കാന്‍ ഇടയുണ്ടെന്നും വിധിയെഴുതിയ യുവാവ് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദപ്പെട്ട സംഭവവം അടുത്തിടെ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു പ്രധാന ഡോക്ടറാണ് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ രോഗിയോട് താന്‍ മരിക്കുമെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞത്.

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവാവിന് ചികിത്സ കിട്ടാതിരുന്നപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ ചികിത്സയില്‍ രോഗം ഭേദമായി. ആധുനിക സൗകര്യങ്ങളോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും ചില ജീവനക്കാരുടെ അനാസ്ഥയും സ്വകാര്യ ആശുപത്രിയെ സംരക്ഷിക്കൊനുള്ള ചില ഡോക്ടര്‍മാരുടെ ശ്രമമാണ് ഇവിടെ എത്തുന്ന രോഗികളെ വലയ്ക്കുന്നത്.

രോമം നീക്കിയതിലെ വീഴ്ച സംബന്ധിച്ച് രോഗി ചികിത്സയില്‍ കഴിഞ്ഞ വാര്‍ഡിലെ നഴ്‌സുമാര്‍ തനിക്ക് പരാതി തന്നിരുന്നതായി ആശുപത്രി സൂപ്രണ്ട് ആര്‍ എം രാംലാല്‍ പറഞ്ഞു. അയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നു ഇദ്ദേഹം അറിയിച്ചു.  ബന്ധുക്കളില്‍ നിന്നും പരാതി വാങ്ങാന്‍ നഴ്‌സിങ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംഘടനകളുടെ മിന്നല്‍ പണിമുടക്ക് ഭയന്ന് ജീവനകാർക്ക് എതിരെ നടപടി സ്വീകരിക്കാനാവാതെ ആശങ്കയിലാണ് അധികൃതരെന്നും ആക്ഷേപമുണ്ട്.

click me!