മരണവിവരം അറിയിക്കാത്തത് അടക്കം പരാതിപ്രളയം; വണ്ടാനം മെഡി. കോളജ് സൂപ്രണ്ടിനെ മാറ്റി

By Web TeamFirst Published Aug 19, 2021, 9:53 AM IST
Highlights

പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ  നിയമിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉൾപ്പെടെ ആശുപത്രിക്ക് എതിരെ തുടർച്ചയായി പരാതികൾ  ഉയർന്നിരുന്നു.

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ  നിയമിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉൾപ്പെടെ ആശുപത്രിക്ക് എതിരെ തുടർച്ചയായി പരാതികൾ ഉയർന്നിരുന്നു.

ഐസിയുവില്‍ രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നായിരുന്നു ഒരു പരാതി. ഈ മാസം ഏഴിനാണ് ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പനെ (55)  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സയില്‍ ഉണ്ടായിരുന്നു.

രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് ദിവസം കഴിഞ്ഞെന്ന് പറയുന്നത്. മറ്റൊരു പരാതി ഹരിപ്പാട് സ്വദേശി ദേവദാസിന്‍റെ മരണം സംബന്ധിച്ചായിരുന്നു. വിവരം രണ്ട് ദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്നായിരുന്നു കുടുംബം ആരോപണം ഉന്നയിച്ചത്. ഇതോടെ നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!