
കോഴിക്കോട്: സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പജിയുടെ സ്മാരകത്തിൽ വനിതാ ചിത്രകാര കൂട്ടായ്മയുടെ ചിത്രംവര സമർപ്പണം. കോഴിക്കോട് പയ്യോളി തുറയൂരിൽ കേളപ്പജിയുടെ കൊയപ്പള്ളി തറവാട് വീടിനോട് ചേർന്ന് നിർമ്മിച്ച സ്മാരക മന്ദിരത്തിൻറെ ചുവരിലാണ് വരമുഖി വിമൻ ആർട്ട് കമ്മ്യൂൺ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വരകളാലും വർണ്ണങ്ങളാലും രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന ഏടുകളെല്ലാം ചുവരിനെ ക്യാൻവാസാക്കി വളയിട്ട കൈകൾ ചാലിച്ചെടുത്തിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹം, ഉപ്പുസത്യാഗ്രഹം, ദണ്ഡിയാത്ര, വാഗൺ ട്രാജഡി, കീഴരിയൂർ ബോംബ് കേസ്, മലബാർ കലാപം, ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചത്. സ്വാമി വിവേകാനന്ദൻറെ കേരള സന്ദർശനം, ഭഗത് സിംഗ് തുടങ്ങിയ 17 ചിത്രങ്ങളാണ് വരച്ചതെന്ന് വരമുഖി വിമൻ ആർട്ട് കമ്മ്യൂണിൻറെ സ്ഥാപകയും ചിത്രകാരിയുമായ മജ്നി തിരുവങ്ങൂർ പറഞ്ഞു.
ജനുവരിയാണ് ചിത്രം വര തുടങ്ങിയത്. പിന്നീട് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സജീവമായി വര തുടർന്നു. ഇപ്പോൾ കുറച്ച് ദിവസമായി സ്മാരകത്തിൽ ക്യാംപ് ചെയ്താണ് ചിത്രകാരികൾ ചിത്രംവരയുടെ അവസാനവട്ട മിനുക്കുപണികൾ ചെയ്യുന്നത്.
അക്രലിക്കിൽ ആജീവനാന്തം നില നിൽക്കുന്ന തരത്തിൽ സൗജന്യമായാണ് ഇവരുടെ ചിത്രവര സമർപ്പണം.
മജ്നി തിരുവങ്ങൂരിന് പുറമെ അഭിന ശേഖർ, ഷരീഫ, അഞ്ജു പുന്നത്ത്, അഞ്ജന വി രമേശ്, ലിസി ഉണ്ണി, സുചിത്ര, സുചിത്ര ഉല്ലാസ്, മേരി എർമിന റോഡ്രിഗസ്, ജിഷ. എം, നിഷ, താര രാജഗോപാൽ, നീമ ഷോണിത്ത് ലാൽ എന്നിവരും ചിത്രം വരയിൽ സജീവമാണ്. ശാസ്ത്രീയമായി ചിത്രം വര പഠിച്ച വനിതകളുടെ കൂട്ടായ്മയാണ് വരമുഖി.
ഈ കൂട്ടായ്മയിലെ ചിത്രകാരികൾ വിദ്യാർത്ഥികൾ, അധ്യാപകർ, ഡോക്റ്റർ, ഗവേഷക തുടങ്ങിയ വൈവിധ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. വിദ്യാഭ്യാസം, സമരം തുടങ്ങിയ സാമൂഹ്യ പ്രതിബന്ധതയുള്ള മേഖലയിലും വരമുഖി തങ്ങളുടെ മാധ്യമവുമായി രംഗത്ത് എത്താറുണ്ട്. ബേപ്പൂർ തുറമുഖത്ത് ജങ്കാർ ജട്ടിയുടെ ഭാഗത്ത് വരമുഖി കൂട്ടായ്മ വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചിന് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാനാണ് തുറയൂരിലെ കേളപ്പജി സ്മാരകം നാടിന് സമർപ്പിക്കുന്നത്. ഇതോടെ വരമുഖിയുടെ സ്വാതന്ത്ര്യ ചരിത്ര ചിത്രമെഴുത്ത് ഏവർക്കും സ്വന്തമാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam