
തിരുവനന്തപുരം: വർക്കല ചെമ്മരുതി മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെല്ലാം മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പൊലീസ്. കേസിൽ പ്രതികളായ ഗൗരി കൃഷ്ണൻ, ഷൈജു, കണ്ണൻ, രഞ്ജിത്ത്, മനു എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തിലെ മുഴുവൻ പ്രതികളെയും പൊലീസ് സംഘം അറസ്റ്റ് ചെയ്തു.കൊലപാതകത്തിന് ശേഷം ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കകം കോവൂർ, പുലിക്കുഴി എന്നീ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കേസ് അന്വേഷിച്ച പൊലീസ് സംഘത്തെ എസ്പി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു.മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് ഇന്നലെ വൈകിട്ടോടെ കത്തിക്കുത്തിൽ കലാശിച്ചത്. പ്രിജുവും സംഘവുമായി തർക്കം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രതികളിലൊരാൾ കത്തിയെടുത്ത് പ്രിജുവിനെ കുത്തിയത്. പ്രിജുവിന്‍റെ നെഞ്ചിൽ രണ്ടു കുത്തും പിൻഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയാണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. കുത്തിയ ഗൗരീ കൃഷ്ണനെ ഉടൻ പിടികൂടിയിരുന്നു. ഫോൺ സ്വിച്ച് ഒഫ് ചെയ്തു മുങ്ങിയ മറ്റുള്ളവരെയും തുടർന്ന് പിടികൂടി. പൊലീസിന്‍റെ അന്വേഷണ മികവാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായതെന്ന് എസ്പി പ്രശാന്തൻ കാണി അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർ നടപടി സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam