
കായംകുളം: ഓണാഘോഷത്തോടനുബന്ധിച്ച് കായംകുളം പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 35.95 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഉത്രാട ദിനത്തിൽ നടത്തിയ പരിശോധനയിലാണ് കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ മുറിയിൽ ആകാശ് ഭവനത്തിൽ ആകാശ് (21), കൂട്ടാളിയായ ക്ലാപ്പന കോലെടുത്ത് വീട്ടിൽ സജിമോൻ (37) എന്നിവർ അറസ്റ്റിലായത്.
കായംകുളം കെഎസ്ആർടിസി പരിസരത്തുനിന്നും ഓഗസ്റ്റ് 26 വെളുപ്പിന് മൂന്ന് മണിയോടെ സംശയാസ്പദമായ രീതിയിൽ കണ്ട കെ എൽ 23 എൽ 3665 നമ്പർ മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോഴാണ് ഒന്നാം പ്രതിയായ ആകാശിനെ മയക്കുമരുന്നുമായി പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജിമോൻ വലയിലായത്. ഓണക്കാലത്തെ വില്പന ലക്ഷ്യമിട്ട് കടത്തിക്കൊണ്ടുവന്ന ഈ മയക്കുമരുന്നിന് ആഭ്യന്തര വിപണിയിൽ ഏകദേശം നാല് ലക്ഷത്തോളം രൂപ വിലവരും. ആകാശ് ചവറ പൊലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കായംകുളം ഡിവൈഎസ്‌പി ടി രാജപ്പന്റെ മേൽനോട്ടത്തിൽ സിഐ രജീഷ് കുമാർ, എസ്ഐമാരായ രതീഷ് ബാബു, സുരേഷ്, എഎസ്ഐമാരായ ഇസ്ലാഹ്, പ്രിയ, ഷിബു, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മോനിഷ്, ആദർശ്, ശ്യാം, അഖിൽ മുരളി, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തിയത്. ഓണക്കാലത്തോടനുബന്ധിച്ച് അനധികൃത ലഹരികടത്തിനും വില്പനയ്ക്കുമെതിരെയുള്ള പരിശോധന കർശനമാക്കിയതായി കായംകുളം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam