
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങുന്നു. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' പുഷ്പമേളയ്ക്കും ദീപാലങ്കാരത്തിനും ഡിസംബര്‍ 23 ന് തുടക്കമാകും. ജനുവരി 2 വരെയാണ് മേള. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ പുഷ്പോത്സവം ക്യൂറേറ്റ് ചെയ്യുന്നത് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആണ്.
വസന്തോത്സവത്തില്‍ പുഷ്പ സസ്യങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ബോണ്‍സായി, ഓര്‍ക്കിഡുകള്‍, ആന്തൂറിയം, അഡീനിയം, കാക്റ്റസ് തുടങ്ങി എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വ്യക്തികള്‍, നഴ്സറികള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മത്സര വിഭാഗത്തില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയും ഓരോ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍മാരെയും തിരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി വെള്ളയമ്പലത്തെ ഡിടിപിസി ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
വ്യത്യസ്തവും അപൂര്‍വ്വവുമായ പൂക്കളുടെ ശേഖരം ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് വസന്തോത്സവം സന്ദര്‍ശകരെ വരവേല്‍ക്കുക. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തില്‍ ദീപാലങ്കാരങ്ങളും ഒരുക്കും. മത്സര വിഭാഗത്തില്‍ ഏകദേശം 15,000 ചെടികള്‍ക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും ഈ വര്‍ഷത്തെ വസന്തോത്സവത്തിന് മാറ്റുകൂട്ടും. ചെടികള്‍ വാങ്ങുന്നതിനായി വിവിധ നഴ്സറികളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കുവാനായി 1.18 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന ലൈറ്റ് ഷോ തിരുവനന്തപുരം നഗരത്തെ പ്രകാശപൂരിതമാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam