
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഫ്ലവർ മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ യുവാവിന്‍റെ കൈ കുടുങ്ങി അപകടം. ഇന്ന് പുലർച്ചെ നാല് മണിയോടെ അറപ്പുരയിലെ മില്ലിൽ അരി അരയ്ക്കുന്നതിനിടെയാണ് യുവാവിന്‍റെ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. വട്ടിയൂർക്കാവ് സ്വദേശി ബിനു ലാൽ (29) ആണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തിനുള്ളിലേക്ക് അബദ്ധത്തിൽ കൈ കുടുങ്ങിയതോടെ നിലവിളിച്ച ബിനുലാലിനെ ഒപ്പം ജോലി ചെയ്തിരുന്നവർ മെഷീൻ ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈ മെഷീനിലുള്ളിലേക്ക് കുടുങ്ങിയിരുന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പാഞ്ഞെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് വേദനയാൽ പുളഞ്ഞിരുന്ന യുവാവിന്‍റെ കൈ പുറത്തെടുക്കാനായത്. പിന്നാലെ സേനാംഗങ്ങൾ തന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എല്ലിന് പൊട്ടലുള്ളതിനാൽ ബിനുലാൽ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam