വാഹന നിയന്ത്രണം; വയനാട്ടിലെ ചരക്കുവാഹനങ്ങള്‍ നാളെ പണിമുടക്കും

By Web TeamFirst Published Jul 18, 2019, 2:30 PM IST
Highlights

സ്‌കൂള്‍ സമയങ്ങളിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയിലെ ചരക്കുവാഹന ഉടമകളും തൊഴിലാളികളും പണിമുടക്കുന്നു. ചരക്ക് വാഹനങ്ങള്‍ക്ക് നാല് മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാതല റോഡ് സുരക്ഷ സമിതിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച പണിമുടക്കും കലക്ടറേറ്റ് മാര്‍ച്ചും നടത്തുന്നത്. 


കല്‍പ്പറ്റ: സ്‌കൂള്‍ സമയങ്ങളിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയിലെ ചരക്കുവാഹന ഉടമകളും തൊഴിലാളികളും പണിമുടക്കുന്നു. ചരക്ക് വാഹനങ്ങള്‍ക്ക് നാല് മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാതല റോഡ് സുരക്ഷ സമിതിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച പണിമുടക്കും കലക്ടറേറ്റ് മാര്‍ച്ചും നടത്തുന്നത്. 

സ്‌കൂള്‍ സമയമായതിനാല്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് മണി വരെയും വൈകുന്നേരം നാല് മുതല്‍ അഞ്ചുവരെയും സംസ്ഥാനത്തൊട്ടാകെ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി വയനാട്ടില്‍ മാത്രം രാവിലെയും വൈകീട്ടും രണ്ട് മണിക്കൂര്‍ വീതം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു. 

ഈ നിയന്ത്രണത്തിനെല്ലാം പുറമെ ചരക്കുമായി പോകുന്ന വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആര്‍ടിഒ അധികൃതരും ലീഗല്‍ മെട്രോളജി വിഭാഗവും പിഴയിടുന്നതും പതിവാണെന്ന് ഇവര്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ചര്‍ച്ചക്ക് പോലും വിളിക്കാത്തതിനാലാണ് സമരം നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്.

click me!