റോഡില്‍ വാഹനം നിര്‍ത്തിയതിന്‍റെ പേരില്‍ സംഘര്‍ഷം; വേങ്ങരയില്‍ നാട്ടുകാര്‍ ചുമട്ടുതൊഴിലാളിയെ തല്ലിക്കൊന്നു

By Web TeamFirst Published Oct 13, 2018, 8:00 AM IST
Highlights

മലപ്പുറം വേങ്ങരയില്‍ റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പറപ്പൂർ പൊട്ടിപ്പാറ പൂവളപ്പിൽ കോയ (55) ആണ് ഒരു സംഘമാളുകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. വേങ്ങരയിലെ ചുമട്ട് തൊഴിലാളിയാണ് കോയ. 

വേങ്ങര: പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയിടുന്നതിനെച്ചൊല്ലി വ്യാഴാഴ്ചയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പറപ്പൂർ പൊട്ടിപ്പാറ പൂവളപ്പിൽ കോയ (55) ആണ് ഒരു സംഘമാളുകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. വേങ്ങരയിലെ ചുമട്ട് തൊഴിലാളിയാണ് കോയ. 

പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയിടുന്നതിനെച്ചൊല്ലി വ്യാഴാഴ്ചയുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. യൂസഫ് എന്നയാളുടെ കടയിലേക്ക് കാലിത്തീറ്റയുമായി എത്തിയതായിരുന്നു ലോറി. ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും മാറ്റിയിടണമെന്നും ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. കാലിത്തീറ്റ ചാക്ക് ഇറക്കിക്കൊണ്ടിരുന്ന കോയ ഇതിലിടപെടുകയും ജബ്ബാറും കൂട്ടരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ യൂസഫിന്‍റെ കടക്ക് മുന്നിലിരിക്കുകയായിരുന്ന കോയയെ ജബ്ബാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. 
 
ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ കോയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. കോയയെ മര്‍ദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്ന് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍.  

പറപ്പൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്കര്‍, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്. സംഭവം മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കും. ആസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല. 

click me!