വേലന്‍ പാട്ട് ഗായകന്‍ ജി വിജയന്‍ അന്തരിച്ചു

Published : Oct 25, 2023, 08:07 AM IST
വേലന്‍ പാട്ട് ഗായകന്‍ ജി വിജയന്‍ അന്തരിച്ചു

Synopsis

ശബരിമലയിൽ അയ്യപ്പ പ്രീതിക്കായി നടത്തുന്ന ഒരു പ്രധാന വഴിപാടായ വേലൻ പാട്ടിന് ശബരിമലയിൽ കാലങ്ങളായി നിയോഗം ലഭിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു വിജയൻ.

മാന്നാർ: കേരളത്തിന്റെ തനതായ അനുഷ്ടാന കലാരൂപമായ വേലൻ പാട്ടിന്റെ ചെന്നിത്തല തെക്ക് പ്രദേശത്തെ അവസാന കണ്ണിയും അറ്റു. ചെന്നിത്തല തെക്ക് തിരുമുൽപ്പാട്ട് പടീറ്റതിൽ ജി വിജയനാണ് 64ാം വയസില്‍ അന്തരിച്ചത്. ശബരിമലയിൽ അയ്യപ്പ പ്രീതിക്കായി നടത്തുന്ന ഒരു പ്രധാന വഴിപാടായ വേലൻ പാട്ടിന് ശബരിമലയിൽ കാലങ്ങളായി നിയോഗം ലഭിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു വിജയൻ.

നിലവിളക്കും നിറനാഴിയും ഇരുന്നു പാടാൻ ഒരു പായും നിലവിളക്കിന്റെ മുന്നിൽ പറ എന്ന വാദ്യ ഉപകരണവും കൊട്ടിയാണ് വേലൻ പാട്ട് അവതരിപ്പിക്കുന്നത്. അതിനാൽ പറ കൊട്ടിപ്പാട്ടെന്നും ഈ കലാരൂപം അറിയപ്പെട്ടിരുന്നു. കൈലാസ നാഥനായ ശ്രീമഹാദേവനെ സ്തുതിച്ചുകൊണ്ടാണ് വേലൻ പാട്ട് ആരംഭിക്കുന്നത്. ഗണപതിക്കും സുബ്രമണ്യനും സ്തുതിഗീതം വേലന്‍ പാട്ടിലുണ്ട്. തുടർന്ന് മഹാഭാരതം കഥ പ്രധാന ഗാനമായി ആലപിച്ച് മഹാവിഷ്ണുവിന്റെ വർണ്ണനകളോടെ അവസാനിക്കുന്നതാണ് വേലന്‍ പാട്ടിന്റെ രീതി.

ശത്രുദോഷം, നാവ് ദോഷം, കണ്ണു ദോഷം, ആഭിചാരദോഷം എന്നിവ അകറ്റാനായായാണ് വീടുകളിൽ വേലൻ പാട്ട് നടത്തിയിരുന്നത്. പിതാവ് പരേതനായ ഗോവിന്ദനിൽ നിന്നും പകർന്നു കിട്ടിയ സിദ്ധിയിൽ ചിങ്ങമാസത്തിലെ ഓണ നാളുകളിൽ വീടുകൾ തോറും പറ കൊട്ടി പാടിയിരുന്ന വിജയനും, രണ്ട് മാസം മുമ്പ് വിട പറഞ്ഞ മാതാവ് അമ്മിണി അമ്മയും ഇനി ഓർമ്മകളിൽ മാത്രം. വിജയമ്മയാണ് ഭാര്യ. മക്കൾ: ജയന്തി, ജിജി. മരുമക്കൾ : അഭിലാഷ്, ബിനീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ന്യൂഇയർ രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിന് കോളടിച്ചു, വെള്ളടമടിച്ച് വണ്ടിയോടിച്ചതിന് പിടിയിലായത് 116 പേർ
വീട് കുത്തിത്തുറന്ന് പരമാവധി തപ്പിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല; ഒടുവിൽ മുൻ വശത്തെ സിസിടിവി അടിച്ചുമാറ്റി മോഷ്ടാക്കൾ