
തിരുവനന്തപുരം: കരടിയുടെ സാന്നിധ്യം വെള്ളനാടിനെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കാട്ടുപന്നികളുടെ ആക്രമണം ഉണ്ടെങ്കിലും മേഖലയിൽ ആദ്യമായാണ് കരടിയിറങ്ങുന്നത്. അഗസ്ത്യാർ വനമേഖലയിൽ നിന്നാകാം വന്യമൃഗം എത്തിയതെന്നാണ് നിഗമനം. കരടി ഇറങ്ങുമെന്ന് ഒരിക്കലും കരുതാത്തൊരു ഗ്രാമമാണ് വെള്ളനാട്. പഞ്ചായത്തിനോട് ചേർന്ന് കാടില്ലാതിരുന്നിട്ടും വന്യമൃഗം വന്നത് ജനത്തെ വലിയ ഭീതിയിലാക്കിയിട്ടുണ്ട്.
കരടി കിണറ്റിൽ വീണതറിഞ്ഞ് കൗതുകത്തോടെയാണ് നാട്ടുകാർ എത്തിയത്. പക്ഷെ ഉള്ളിൽ ഒരു ഭയം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. എവിടെ നിന്നാണ് കരടി വന്നതെന്നാണ് ആദ്യത്തെ സംശയം. ഇനിയും വരാൻ ഇടയുണ്ടോയെന്നത് അതിനേക്കാൾ ആശങ്കയാണ്. അഗസ്ത്യാൻ വനമേഖലയിൽ നിന്ന് വന്നാൽ പോലും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. വനം വകുപ്പിന്റെ വാഹനത്തിൽ കാണാതെ കയറിപ്പറ്റി ഏത്താനും ഇടയുണ്ട്. കരുതലോടെ നീങ്ങാൻ വനംവകുപ്പും കരടി ഇറങ്ങിയ വഴികൾ തേടുന്നുണ്ട്.
കിണറ്റിന് പുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തിൽ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ വലയിൽ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. പുറത്തെത്തിക്കാൻ ഒന്നര മണിക്കൂറോള മെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിൽ ഗുരുതര പിഴവാണ് വനം വകുപ്പിനുണ്ടായത്. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണക്കാക്കുന്നതിലും പിഴവുണ്ടായി. കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ തീരുമാനിച്ചത്. പക്ഷെ മയക്കുവെടിയേറ്റ ശേഷം കരടി കൂടുതൽ പരിഭ്രാന്തനായി. ഇത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കുന്നതിലും വെള്ളം അളക്കുന്നതിലും ഉണ്ടായ പാളിച്ചകളും കരടിയുടെ മരണത്തിലേക്ക് നയിച്ചു.
വെള്ളത്തിൽ മുങ്ങി അടിത്തട്ടിലേക്ക് പോയ കരടിയെ മുകളിലേക്ക് എത്തിക്കാൻ കിണറ്റിൽ ഇറങ്ങിയ ആർക്കും, കരടിയുടെ അടുത്തേക്ക് പോലും എത്താനായില്ല. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള തീരുമാനവും വൈകി. ഒടുവിൽ പാതാളക്കരണ്ടി ഉപയോഗിച്ചു കരടിയെ ഉയർത്താമെന്ന തീരുമാനത്തിലേക്ക്. എത്താനും വൈകി. എല്ലാം കഴിഞ്ഞ് പുറത്തെടുത്തപ്പോഴേക്കും കരടി ചത്തു പോയിരുന്നു. മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തിലോ, വെള്ളം വറ്റിക്കാൻ വൈകിയതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡിഎഫ്ഒ വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam