
ഇടുക്കി: വന്‍ തേനീച്ചകളുടെ വലിയ സാമ്രാജ്യമായി രാജകുമാരിയിലെ വെള്ളപ്പാറ. 200 അടിയിലധികം ഉയരമുള്ള പാറയുടെ കീഴ്ക്കാംതൂക്കായ ഇടങ്ങളിലായി നൂറിലധികം തേന്‍ കൂടുകളാണ് വിസ്മയ കാഴ്ച്ച ഒരുക്കുന്നത്. രാജകുമാരി നോര്‍ത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട തേന്‍പാറകള്‍ നിലകൊള്ളുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളപ്പാറയില്‍ ആയിരക്കണക്കിന് തേനീച്ചകള്‍ കൂടുകൂട്ടാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍, സമീപ പ്രദേശങ്ങളിലെ കൃഷിയിടത്തിലും മറ്റും വര്‍ധിക്കുന്ന കീടനാശിനി പ്രയോഗത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും കാരണങ്ങളാല്‍ തേനീച്ചകള്‍ ഗണ്യമായി കുറഞ്ഞു.
ആരെയും ആകര്‍ഷിക്കും വിധമാണ് തേനീച്ചക്കൂടുകള്‍ തേന്‍ നിറഞ്ഞ് തൂങ്ങിക്കിടക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആദിവാസികളാണ് ഇവിടെ സ്ഥിരമായി എത്തി തേന്‍ സംഭരിക്കുന്നത്. പത്തോളം പേര്‍ കുടുംബമായി എത്തി ദിവസങ്ങളോളം പാറയ്ക്ക് സമീപം താമസിച്ചാണ് തേന്‍ സംഭരിക്കാറുള്ളത്.
രാത്രിയില്‍ മലയുടെ മുകളില്‍ മരത്തില്‍ വടം കെട്ടി താഴേയ്ക്കിടും. ഒരാള്‍ വടത്തിലൂടെ തൂങ്ങിയിറങ്ങും. കൂട്ടത്തില്‍ വലിയ തീ പന്തവുമുണ്ടാകും. പന്തം കൊണ്ട് തേനീച്ചകളെ തുരത്തും.പിന്നെ തേന്‍ കൂടുകള്‍ അറുത്ത് താഴേയ്ക്കിടും. കൂട്ടത്തിലുള്ളവര്‍ വലിയ പാത്രത്തില്‍ താഴെ നിന്ന് പിടിക്കും.
തേനീച്ചകള്‍ കുത്തിയാല്‍ പ്രതിരോധിക്കാന്‍ പച്ചമരുന്നുകളും ഇവരുടെ കൈവശമുണ്ടാകും. ഏറെ സാഹസികത നിറഞ്ഞ തേന്‍ ശേഖരിക്കലിന് പ്രദേശവാസികള്‍ മുതിരാറില്ലെന്നതാണ് വസ്തുത. ഒരു അറയില്‍ നിന്ന് 15 ലിറ്ററോളം വരെ തേന്‍ ആദിവാസികള്‍ ശേഖരിക്കാറുണ്ട്. മികച്ച വിലയ്ക്ക് ഇവര്‍ ഇവിടെ തന്നെ വില്പന നടത്തുകയും ചെയ്യും. മായം ചേര്‍ക്കാതെ ലഭിക്കുന്ന തേനിന് ആവശ്യക്കാരും ഏറെയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam