
തിരുവനന്തപുരം: വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അഭിൻ രാജേഷിനാണ് ( 16 ) മർദനമേറ്റത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് വെള്ളറട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്കൂളിലേക്കുള്ള യാത്രയിൽ ബസിനുള്ളിൽ സുഹൃത്തുക്കളായ രണ്ടുപേർ തമ്മിൽ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ ഇടപെടുകയായിരുന്ന അഭിൻ രാജേഷിനോട്, കണ്ടക്ടർ തട്ടിക്കയറുകയും ഉടുപ്പിൽ കുത്തിപ്പിടിച്ചശേഷം മുഖത്തു അടിക്കുകയും ആയിരുന്നു എന്നാണ് പരാതി.
അതിനിടെ, പൂവാറിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മർദ്ദനം നേരിട്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് ചെങ്കണിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഡേക്ടറെ കണ്ടശേഷം പൂവാർ ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞുകിടന്ന ബസ്സിൽ കയറി ഇരിക്കവെയാണ് ബസ്സിനുള്ളിൽ ഓടി കളിച്ച ആറര വയസ്സുകാരി ദേഹത്ത് തട്ടിയെന്ന കാരണം പറഞ്ഞ് കരിങ്കുളം ചാനാകര ശിവൻ കോവിലിന് സമീപം താമസിക്കുന്ന യേശുദാസൻ എന്ന വ്യക്തി കുട്ടിയുടെ മുഖത്ത് കൈ മുറുക്കി ഇടിച്ച് പരിക്കേൽപ്പിച്ചത്. മുഖത്ത് നീരും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ പ്രതിയുടെ വീഡിയോ അടക്കം നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പൂവാർ പൊലീസ് പറയുന്നത്. മർദ്ദനമേറ്റ കുട്ടിയുടെ വീട് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അമ്മ ആദ്യം കാഞ്ഞിരംകുളം പൊലീസിന് നൽകിയ പരാതി സ്വീകരിക്കാത്തതിനെ തുടർന്നാണ് സംഭവം നടന്ന പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് എന്ന് പറയുന്നു.