ഓഫീസ് അസിസ്റ്റന്‍റ് ഏജന്‍റിന്‍റെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് സംഘം വാഹനത്തെ പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്

പാലക്കാട്: ഗോവിന്ദപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. കണക്കില്‍പ്പെടാത്ത 26000 രൂപ പിടികൂടി. റെയ്ഡിനെ തുടര്‍ന്ന് ഓഫീസില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്‍റിനെ പിൻതുടർന്നാണ് പണം പിടിച്ചെടുത്തത്.

സംഭവം ഇങ്ങനെ

രാവിലെ 11 മണിയോടെയാണ് ഗോവിന്ദാപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനക്കെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓഫീസ് അസിസ്റ്റന്‍റ് ഏജന്‍റിന്‍റെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് സംഘം വാഹനത്തെ പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 26000 രൂപ കണ്ടെത്തിയത്. ഓഫീസ് അസിസ്റ്റന്‍റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരായിരുന്നു ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. നട്പുണി ചെക്ക് പോസ്റ്റിലും വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ വാളയാര്‍ ആർ ടി ഒ ചെക്ക് പോസ്റ്റിലും വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം പിടികൂടിയിരുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ പണമാണ് പിടികൂടിയത്.

യൂറോപ്പിലേക്ക് ജോലി! യുവതിയെ പറ്റിച്ച് ഒന്നരലക്ഷം കൈക്കലാക്കി; ഒടുവിൽ മലപ്പുറത്തെ യുവാവ് കൊച്ചിയിൽ പിടിയിൽ

അതേസമയം ഇന്നലെ ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസിൽ വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചവർ പിടിയിലായി എന്നതാണ്. കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത രണ്ടുപേരാണ് വാഹന പരിശോധനയിൽ കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവും പിടികൂടി. എക്സൈസ് ഇൻസ് പെക്ടർ എ ബി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ആസാം സ്വദേശികളായ ചമത് അലി 26, ഇൻസമാമുൾ ഹഖ് 18 എന്നിവരെ പിടികൂടിയത്. 

ചെക്ക്പോസ്റ്റിൽ പരിശോധന, കെഎസ്ആ‌ർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവും പൊക്കി, പ്രതികളെയും പിടികൂടി