
തിരുവല്ല: തിരുവല്ലയിലെ മേപ്രാലിൽ വെള്ളത്താൽ ചുറ്റപ്പെട്ട പള്ളിയിൽ സന്ധ്യ നമസ്കാരത്തിനായി പള്ളി വികാരി എത്തിയത് വള്ളത്തിൽ. മേപ്രാൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയായ ഫാ. മാത്യു സക്കറിയയാണ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സന്ധ്യ നമസ്കാരത്തിനായി വള്ളത്തിൽ പള്ളിയിൽ എത്തിയത്. പരുമല സ്വദേശിയായ വികാരി പള്ളിക്ക് സമീപത്തെ റോഡ് വരെ സ്വന്തം കാറിൽ എത്തി. തുടർന്ന് പള്ളിയിലേക്കുള്ള 100 മീറ്ററോളം ദൂരം ഇടവക അംഗത്തിന്റെ ഉടമസ്ഥതയിലുള്ള വെള്ളത്തിൽ യാത്ര ചെയ്ത് പള്ളിയിൽ എത്തുകയായിരുന്നു. സന്ധ്യ നമസ്കാരത്തിനായി എത്തിയ വിശ്വാസികളിൽ ഒരാളായ കാവുംഭാഗം സ്വദേശി ജിനു മമ്പുഴ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സന്ധ്യ നമസ്കാരത്തിനു ശേഷം ഇതേ വള്ളത്തിൽ വികാരി കാറിന് സമീപത്തേക്ക് മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം ശക്തമായി തുടരുകയാണെങ്കിൽ കേരളത്തിലെ സ്കൂൾ തുറക്കൽ നീട്ടുമോ എന്നതാണ് അറിയാനുള്ളത്. ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുള്ളത്. എന്നാൽ ഞായറാഴ്ചത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യെല്ലോ അലർട്ടാണ് ഉള്ളതെങ്കിൽ സ്കൂൾ തുറക്കൽ നീട്ടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അടുത്ത ദിവസങ്ങളിലെ മഞ്ഞ അലർട്ട്
01/06/2025: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്
02/06/2025: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്
03/06/2025: കോഴിക്കോട്, വയനാട്, ,കണ്ണൂർ, കാസർകോട്
04/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.