
കോഴിക്കോട്: ജോലി ചെയ്യുന്ന കൂള്‍ ബാറില്‍ നിന്ന് പണം മോഷ്ടിച്ച ജീവനക്കാരനെ തന്ത്രപൂര്‍വം കുടുക്കി ഉടമ. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വാരക്കുന്നുമ്മല്‍ വീട്ടില്‍ വികെ സഞ്ജയനാണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂര്‍ കുണ്ടായിത്തോടുള്ള സ്ഥാപനത്തിലാണ് പതിവായി മോഷണം നടന്നിരുന്നത്.
കൂള്‍ബാറിലെ ക്യാഷ് കൗണ്ടറില്‍ നിന്ന് പല ദിവസങ്ങളിലായി പണം മോഷണം പോകുന്നതായി ഉടമ നല്ലളം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരിശോധിച്ചപ്പോള്‍ പുറത്തു നിന്നുള്ളവര്‍ മോഷ്ടിക്കുന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. സിസിടിവി സ്ഥാപിക്കാത്തതിനാല്‍ ഉടമ മൊബൈല്‍ ഫോണ്‍ സ്ഥാപനത്തില്‍ വച്ച് വീഡിയോ കോള്‍ മോഡില്‍ വയ്ക്കുകയായിരുന്നു
തുടര്‍ന്ന് ഫോണ്‍ നിരീക്ഷിച്ചതില്‍ സഞ്ജയന്‍ സ്ഥാപനത്തില്‍ പ്രവേശിച്ചത് കണ്ടെത്തി. നല്ലളം ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ ആനന്ദ്, ശൈലേന്ദ്രന്‍, സിപിഒ സുബീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.