
തിരുവനന്തപുരം: തിരുവനന്തപുരം നഗരം ചുറ്റുന്ന ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസി. എയര്‍പോര്‍ട്ട് റണ്‍വേയുടെയും എയര്‍ഫോഴ്‌സ് ഓഫീസ് പരിസരത്തിനടുത്തും ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഈ വിഷയത്തെ സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഫോഴ്‌സും രേഖാമൂലം വിവരം അറിയിച്ചിട്ടുള്ളതാണ്. ചിത്രീകരണം അനുവദിക്കരുതെന്ന് ഡബിള്‍ ഡക്കറിന്റെ ക്രൂവിനും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
റണ്‍വേയിലൂടെ വിമാനം വരുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്ന പരാതിയിലാണ് കെഎസ്ആര്‍ടിസിയുടെ മറുപടി. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലായിരുന്നു യാത്രക്കാരന്റെ പരാതി. ഇതിനാണ് കെഎസ്ആര്‍ടിസി മറുപടി നല്‍കിയത്.
തിരുവനന്തപുരം നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്കാണ് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്കു ശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന സര്‍വീസുകള്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് രാത്രി 10 മണി വരെ തുടരും. കിഴക്കേകോട്ടയില്‍ നിന്നും തിരിച്ച് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാര്‍ എത്തി തിരിച്ച് പാളയം, വിജെടി ഹാള്‍, പേട്ട, ചാക്ക, ശംഖുമുഖം, ലുലു മാള്‍ എത്തി തിരിച്ച് ബൈപാസ് വഴി ഈസ്റ്റ് ഫോര്‍ട്ടിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
യാത്രയില്‍ സ്‌നാക്‌സും വെള്ളവും വാങ്ങുന്നതിനുള്ള സൗകര്യം കൂടി ലഭ്യമാക്കണം എന്ന് യാത്രക്കാര്‍ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബസിനുള്ളില്‍ തന്നെ ലഘുഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ചാര്‍ട്ടേര്‍ഡ് ട്രിപ്പ് സേവനവും ലഭ്യമാണ്. വെഡ്ഡിംഗ് ഷൂട്ട്, ബര്‍ത്ത് ഡേ ആഘോഷം, സിനിമാ ചിത്രീകരണം എന്നിവയ്ക്കായുള്ള പാക്കേജുകളായും സര്‍വീസുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 91886 19378 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam