അവധി ദിനങ്ങളിലും ഉച്ചഭക്ഷണം, വന്‍ ക്രമക്കേട്; അധ്യാപകർക്കെതിരെ വിജിലൻസ്

By Web TeamFirst Published Apr 12, 2019, 8:01 PM IST
Highlights

ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സ്കൂളിലെത്തി ഉച്ചഭക്ഷണ വിതരണ രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ട അധ്യാപകരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു

അമ്പലപ്പുഴ: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേട് കാട്ടിയ അധ്യാപകർക്കെതിരെ നടപടിയുമായി വിജിലൻസ്. അമ്പലപ്പുഴ ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ശുപാർശ നൽകിയത്.

അധ്യാപകർക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നാണ് സൂചന. സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകേണ്ട മുട്ട, പാൽ, ഉച്ചഭക്ഷണം എന്നിവ നൽകാതെ ഇവ നൽകിയതായി വ്യാജരേഖ ചമച്ചുവെന്ന് വിജിലൻസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

ഉച്ചഭക്ഷണ വിതരണ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീറാണ് 2017 മാർച്ച് 31ന് വിജിലൻസ് ഡയറക്ടറെ സമീപിച്ചത്. തുടർന്ന് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സ്കൂളിലെത്തി ഉച്ചഭക്ഷണ വിതരണ രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ട അധ്യാപകരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

ഉച്ചഭക്ഷണ വിതരണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചു. മുട്ട, പാൽ എന്നിവ വിദ്യാർത്ഥികൾക്ക് നൽകാതെ നൽകിയെന്ന് കാട്ടി വ്യാജരേഖകൾ അധ്യാപകർ ചമച്ചത് അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരനായ താഴ്ചയിൽ നസീറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലും ഇത് തെളിഞ്ഞിരുന്നു.

അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയതായി രേഖ ഉണ്ടാക്കിയാണ് അധ്യാപകർ പണം തട്ടിയെടുത്തത്. ഇതും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. തുടർന്നാണ് അന്നത്തെ പ്രഥമാധ്യാപകനടക്കം അഞ്ച് അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തു കൊണ്ട് വിജിലൻസ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.

ശുപാർശ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയിരിക്കുകയാണ്. അധ്യാപകരിൽ ഒരാൾ വിരമിച്ചതാണ്. 2014-15 അധ്യായന വർഷം മുതൽ സ്കൂളിൽ ഈ പേരിൽ തട്ടിപ്പ് നടത്തിയതിനാൽ എത്ര രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. 

click me!