സർവീസിൽ നിന്ന് വിരമിച്ചത് കഴിഞ്ഞ ഏപ്രിലിൽ; വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം, കയ്യോടെ പൊക്കി വിജിലൻസ്

Published : Jun 02, 2025, 07:34 PM IST
സർവീസിൽ നിന്ന് വിരമിച്ചത് കഴിഞ്ഞ ഏപ്രിലിൽ; വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം, കയ്യോടെ പൊക്കി വിജിലൻസ്

Synopsis

ചൊവ്വര വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ പെരുമ്പാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്നും വില്ലേജ് അസിസ്റ്റൻ്റായി വിരമിച്ച തമ്പിയുമാണ് പിടിയിലായത്.

കൊച്ചി: എറണാകുളം ചൊവ്വരയിൽ പട്ടയത്തിന് സ്കെച്ച് തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽ. ചൊവ്വര വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ പെരുമ്പാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്നും വില്ലേജ് അസിസ്റ്റൻ്റായി വിരമിച്ച തമ്പിയുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയും വിജിലൻസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.

എറണാകുളം കാക്കനാട് സ്വദേശിയായ പരാതിക്കാരൻ ചൊവ്വര വില്ലേജ് ഓഫീസ് പരിധിയിലുള്ള തൻ്റെ 1.24 ഏക്കർ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് ചൊവ്വര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ചൊവ്വര വില്ലേജ് ഓഫീസിൽ നിന്നും വില്ലേജ് അസിസ്റ്റന്റ് തമ്പിയും, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് നവാസും കൂടി ഏപ്രില്‍ 24 ന് സ്ഥലപരിശോധനയ്ക്ക് എത്തുകയും, സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത്രയും പണം കൈവശമില്ലെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരികെ പോയി. പട്ടയം ലഭിക്കുന്നതിന് കാലതാമസം വന്നതിനെ തുടർന്ന് പരാതിക്കാരൻ, ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോൾ പട്ടയം ശരിയാക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി നൽകണമെന്ന് രണ്ട് ഉദ്യോഗസ്ഥരും വീണ്ടും ആവശ്യപ്പെട്ടു. 

അതിനിടെ, ഏപ്രിൽ മാസം 30-ാം തിയതി വില്ലേജ് അസിസ്റ്റന്റായിരുന്ന തമ്പി സർവ്വീസിൽ നിന്നും വിരമിച്ചു. ഈ വിവരം പരാതിക്കാരൻ അറിയുകയോ, ഫോണിൽ വിളിച്ച് തിരക്കിയ സമയം വില്ലേജ് അസിസ്റ്റന്റ് തമ്പി പരാതിക്കാരനോട് പറയുകയോ ചെയ്തിരുന്നില്ല. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (02.06.2025) വൈകുന്നേരം 4 മണിക്ക് ചൊവ്വര വില്ലേജ് ഓഫീസിന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവേ മുൻ വില്ലേജ് അസിസ്റ്റന്റായിരുന്ന തമ്പിയെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് സമീപത്ത് തന്നെ ഉണ്ടായിരുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നവാസിനെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.  

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശീതള പാനീയ സ്ട്രോയിൽ ഒളിപ്പിച്ച് പൊതു ഇടത്തിൽ തള്ളും, ഫോട്ടോ കസ്റ്റമർക്ക് അയക്കും, ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്