കൈക്കൂലി വാങ്ങവേ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

By Web TeamFirst Published Nov 19, 2022, 9:07 PM IST
Highlights

സന്തോഷിന്‍റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 25000 രൂപയും  പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി  സന്തോഷ് കുമാറിനെയാണ് വിജിലന്‍സ് പൊക്കിയത്. കോണ്‍ട്രാക്ടറില്‍ നിന്നും  കൈക്കൂലി വാങ്ങവെയാണ്  ഇന്ന് ഉച്ചയ് സന്തോഷ് പിടിയിലാകുന്നത്. ജലനിധി പദ്ധതി കോണ്‍ട്രാക്ട് ലഭിക്കാനായാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

കോട്ടയം സ്വദേശിയും കോണ്‍ട്രാക്ടറുമായ പീറ്റര്‍ സിറിയകിന്‍റെ കൈയ്യില്‍ നിന്നുമാണ് ജലനിധി പദ്ധതിയുടെ കരാര്‍തുക അനുവദിക്കുന്നതിന് സന്തോഷ് കുമാര്‍  5000 രൂപ കൈക്കൂലി വാങ്ങിയത്. സന്തോഷിന്‍റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 25000 രൂപയും  പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ പഞ്ചായത്ത് ഭരണ സമിതിയടക്കം സെക്രട്ടറിക്കെതിരെ വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. 

15 ലക്ഷം രൂപയുടെ ജലനിധി പദ്ധതിക്ക്  75000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുക തവണകളായി നല്‍കിയാല്‍ മതിയെന്ന ഒത്തു തീര്‍പ്പില്‍ പാര്‍ടൈം ബില്‍ പാസാക്കുകയും ആദ്യഘടുവായി 5000 രൂപ പറഞ്ഞുറപ്പിച്ച് വാങ്ങുകയുമായിരുന്നു. ഇതിനിടെയിലാണ് വിജിലന്‍സിന്‍റെ പിടിയിലാവുന്നത്. വിജിലന്‍സ് സ്ക്വഡ് നമ്പര്‍ ഒന്നാണ് സെക്രട്ടറിയെ കുടുക്കിയത്.

Read More : മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

tags
click me!