
ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളികൾക്ക് സ്കൂൾ കാമ്പസിനുള്ളിൽ താമസം ഒരുക്കിയത് വിജിലൻസ് നിരീക്ഷണത്തിൽ. അമ്പലപ്പുഴ ഗവ. മോഡൽ ഹൈസ്ക്കൂൾ കെട്ടിടത്തിലെ ക്ലാസ് മുറികളിലാണ് ബംഗാൾ സ്വദേശികളായ 26 ഓളം പേർക്ക് കിടപ്പാടമൊരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെയാണ് സ്കൂൾ അധികൃതർ തൊഴിളികൾക്ക് താമസിക്കാനായി ക്ലാസുമുറികൾ നൽകിയത്. സ്കൂളിന്‍റെ പുതിയ കെട്ടിടനിർമ്മാണ കരാറുകാരന്‍റെ തൊഴിലാളികാണിവർ. ഊണും ഉറക്കവുമെല്ലാം ക്ലാസിനോട് ചേർന്നുള്ള മുറിയിൽ തന്നെയായിരുന്നു. കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയത് വിവാദമായതോടെ തിങ്കളാഴ്ച മുതലാണ് അത് ഒഴിവാക്കിയത്.
നിർമ്മാണപ്രവർത്തനങ്ങൾക്കായി പ്രത്യേക വൈദ്യുതി എടുത്തിട്ടുണ്ടെങ്കിലും മതിയായ സുരക്ഷയില്ലെന്ന് ബോർഡിന്‍റെ പരിശോധനയിൽ കണ്ടെത്തി. നിലവാരം കുറഞ്ഞ ഇലക്ട്രിക് വയറുകളാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷിതമല്ലാതെയാണ് ഇവ ഉപയോഗിച്ചിരുന്നത്. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ലാസ് മുറിക്കുള്ളിൽ തൊഴിലാളികളെ താമസിപ്പിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ പ്രഥമ അധ്യാപികയോട് വിശദ്ദീകരണം തേടി. പഠനസമയം കഴിഞ്ഞ് വാതിലുകളും മുറികളും അടച്ച് സുരക്ഷിതമാക്കിയിരുന്നില്ല. കൂടാതെ പ്രവൃത്തി ദിവസം അല്ലാത്ത സമയങ്ങളിൽ ഫാൻ പ്രവർത്തിച്ചിരുന്നു. കുട്ടികൾ ഉപയോഗിക്കുന്ന ഡസ്ക്കുകളും ബഞ്ചും അലക്ഷ്യമായാണ് കിടന്നത്. അവധി ദിവസങ്ങളിൽ ബുക്കുകളും പുസ്തകങ്ങളും ക്ലാസ് മുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനും വിശദ്ദീകരണം നൽകേണ്ടിവരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam