
ആലപ്പുഴ: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. തിരഞ്ഞെടുത്ത എയ്ഡഡ് സ്വകാര്യ സ്‌കൂളുകളിലായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഈഗിള്‍ എന്ന പേരിലായിരുന്നു മിന്നല്‍ പരിശോധന. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, കരുവാറ്റ, അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റും പി ടി എകളും സ്‌കൂള്‍ അഡ്മിഷന്‍ സമയത്ത് അനധികൃതമായി പണപിരിവ് നടത്തുന്നതായും എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍, ഡിഇഒ ഓഫീസുകളില്‍ കൈകാര്യം ചെയ്യുന്ന ഫയലുകളില്‍ നടപടികളില്‍ കാലതാമസം വരുത്തുക തുടങ്ങിയ പരാതികള്‍ പരിശോധിക്കാനായിരുന്നു റെയ്ഡ്. ജില്ലയില്‍ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്.
ക്യാഷ് ബുക്ക് സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതായും ചില സ്‌കൂളുകളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തി. മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം അധികമായി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. പി ടി എ ഫണ്ടിലേയ്ക്ക് ലഭിച്ച തുക ബാങ്കില്‍ നിക്ഷേപിക്കാതെ സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇത് ഓഡിറ്റ് ചെയ്യുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ട്. ചില സ്‌കൂളുകളിലെ വൈദ്യുതി ബില്‍ അടച്ചതില്‍ പി ടി എ കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പിടിഎ സംബന്ധിച്ച അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായും വ്യക്തമായിട്ടുണ്ട്. അധ്യാപകര്‍ക്ക് യഥാസമയം മാറി നല്‍കാത്ത സംഭവങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam