
തൃശൂര്‍: അടാട്ട് വിലങ്ങന്‍കുന്നിലെ വിനോദസഞ്ചാര സാധ്യതകള്‍ വിപുലീകരിക്കാന്‍ 3.45 കോടി രൂപയുടെ വികസന പദ്ധതിക്ക് സ്റ്റേറ്റ് വര്‍ക്കിങ് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. അറിയിച്ചു. വിലങ്ങന്‍കുന്നിലെ ആദ്യഘട്ട സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പദ്ധതി നിര്‍വഹണം പുരോഗമിക്കുന്ന ഘട്ടത്തില്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ന്നുള്ള ഭരണാനുമതി നേടാനാകും.
അമല ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വിലങ്ങന്‍കുന്ന്. കുന്നിനു മുകളില്‍ നിന്നുള്ള തൃശൂര്‍ നഗരത്തിന്റെ അതിമനോഹര കാഴ്ചയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വിലങ്ങന്‍കുന്നിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളിലൂടെയാണ് ആദ്യഘട്ട സൗന്ദര്യവല്‍ക്കരണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി പുറപ്പെടുവിച്ച് ഉത്തരവായത്.
വിലങ്ങന്‍കുന്നില്‍നിന്നുള്ള അതിമനോഹര ദൃശ്യം പൂര്‍ണമായി ആസ്വദിക്കാന്‍ ഉതകുന്ന വിധത്തില്‍ വാച്ച് ടവര്‍, റസ്റ്റോറന്റ്, സെമിനാര്‍ ഹാള്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ഓപ്പണ്‍ ജിം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവ മുന്‍ഗണനാക്രമത്തില്‍ നിര്‍മാണം ആരംഭിക്കും. 3.45 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിലങ്ങന്‍കുന്ന് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വ് ലഭിക്കും.
വാഴാനി ഡാമില്‍ സംഗീത ജലധാര സ്ഥാപിക്കാനായി 5.99 കോടി രൂപ അനുവദിച്ച് പദ്ധതി ടെണ്ടര്‍ ചെയ്തു. വാഴാനി ഡാമിലെ തൂക്കുപാലം അറ്റകുറ്റപ്പണികള്‍ നടത്തി തുറന്നുകൊടുത്തു. ടൂറിസം വകുപ്പ് അനുവദിച്ച 41 ലക്ഷം രൂപ വിനിയോഗിച്ച് കുട്ടികളുടെ പാര്‍ക്ക് നവീകരിച്ചു. ലൈബ്രറി കം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാഴാനി ഡാം കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിനായി ഇറിഗേഷന്‍ വകുപ്പിന്റെ എന്‍.ഒ.സി. നേടാനായി.
വാഴാനി-പേരേപ്പാറ-ചാത്തന്‍ചിറ - തൂമാനം - പൂമല ഡാം - പത്താഴക്കുണ്ട് -ചെപ്പാറ- വിലങ്ങന്‍ കുന്ന് - കോള്‍ ലാന്റ് എന്നിവയെ കൂട്ടിയിണക്കി വടക്കാഞ്ചേരി ടൂറിസം കോറിഡോര്‍ പദ്ധതി ബജറ്റില്‍ നിര്‍ദേശിക്കുകയും 1.5 കോടി രൂപ വകയിരുത്തുകയും ചെയ്തു. പൂമല ഇക്കോ ടൂറിസം പദ്ധതിക്കായി 3.75 കോടി രൂപ അനുവദിച്ച് പ്രവൃത്തി നിര്‍വഹണം പുരോഗമിക്കുന്നു. ചെപ്പാറ റോക്ക് ഗാര്‍ഡനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ചെപ്പാറയിലെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍ പരിശോധിച്ചു വരുന്നു.
റെസ്‌പോണ്‍സിബിള്‍ ടൂറിസം പദ്ധതിയില്‍ പുഴയ്ക്കല്‍ കോള്‍ ലാന്റ് ടൂറിസം ഉള്‍പ്പെടുത്തുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പമാണ് വിലങ്ങന്‍ കുന്നിലെയും ടൂറിസം പദ്ധതിക്ക് അംഗീകാരമാകുന്നത്. യോഗങ്ങളും കൂട്ടായ്മകളും കലാ പരിപാടികളും സംഘടിപ്പിക്കാന്‍ സജ്ജമാക്കുന്നതോടൊപ്പം ടൂറിസം കേന്ദ്രങ്ങളില്‍ വിവാഹം നടത്തുന്ന ഡെസ്റ്റിനേഷന്‍ വെഡിങ് ഉള്‍പ്പെടയുള്ള പുതിയകാല ട്രെന്‍ഡുകള്‍ക്ക് ഇണങ്ങുന്ന വിധം വിലങ്ങന്‍കുന്നിന്റെ വികസനം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam