
എറണാകുളം: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്‍റിന്‍റെ വിജിലന്‍സ് പിടികൂടി. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ ആണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. പോക്കുവരവ് ചെയ്ത വസ്തുവിന്‍റെ കരമൊടുക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വേങ്ങൂര്‍ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്‍റ് ജിബി എം മാത്യുവാണ് പിടിയിലായത്. ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്തിന് കരമൊടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നാട്ടുകാരനോടാണ് ജിബി കൈക്കൂലി ആവശ്യപ്പെട്ടത്. ഏറെ നാളായി കരമൊടുക്കണമെന്ന ആവശ്യവുമായി ഓഫീസ് കയറിയിറങ്ങിയിട്ടും ഓരോ കാരണം പറഞ്ഞ് ജിബി ഫയല്‍ മടക്കിയെന്നാണ് പരാതി.
ഒടുവില്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസ് വളഞ്ഞ് ജിബിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ജിബി വേങ്ങൂര്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുകയാണ്. വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം.വര്‍ഗീസും സംഘവുമാണ് ജിബിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam