'സ്കൂട്ടറിൽ പോകവെ കവർ കീറിയത് യുവതി അറിഞ്ഞില്ല, താഴെ വീണ 4.5 ലക്ഷം വിലവരുന്ന ആഭരണങ്ങൾ ഒരാൾക്ക് കിട്ടി, പിന്നെ നടന്നത്', കുറിപ്പുമായി എഎസ്ഐ

Published : Nov 28, 2025, 06:01 PM IST
Kerala police

Synopsis

വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതറിഞ്ഞ് പൊലീസ് സേറ്റേഷനിലേക്ക് ഓടിയെത്തിയ കുടുംബത്തിന് നിമിഷ നേരം കൊണ്ട് ആശ്വാസമാകാൻ മാത്യുവിന്‍റെ നല്ല മനസിന് കഴിഞ്ഞു- എഎസ്ഐ ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി: ഡിജിറ്റൽ അറസ്റ്റും, ഫേക്ക് ലോൺ തട്ടിപ്പുമടക്കം പണത്തിനായി ഏത് വിധേനയും തട്ടിപ്പുകൾ നടക്കുന്ന കാലത്ത് കളഞ്ഞ് കിട്ടിയ ലക്ഷങ്ങൾ വിലവരുന്ന സ്വ‍ൺണാഭരണങ്ങളും രേഖകളും ഉടമക്ക് തിരിച്ച് നൽകി മാതൃകയായി കൊച്ചി വരാപ്പുഴ സ്വദേശി ജോൺ മാത്യു മുക്കം. ആലങ്ങാട് സ്റ്റേഷനിലെ എഎസ്‌ഐ ജെനീഷ് ചേരാമ്പിള്ളിയാണ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്വർണ്ണാഭരണങ്ങളും രേഖകളുമുള്ള കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ച് നൽകിയ ജോൺ മാത്യുവിനെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതറിഞ്ഞ് പൊലീസ് സേറ്റേഷനിലേക്ക് ഓടിയെത്തിയ കുടുംബത്തിന് നിമിഷ നേരം കൊണ്ട് ആശ്വാസമാകാൻ മാത്യുവിന്‍റെ നല്ല മനസിന് കഴിഞ്ഞു.

വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതിനു മുകളിലും അതിന്റെ യഥാർത്ഥ ഉടമയുടെ കണ്ണ്നീർ പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിക്കുന്ന സമൂഹത്തിന് മാതൃകയായ പ്രവർത്തി ചെയ്ത വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്ട്സിന്റെ പ്രസിഡന്‍റ് കൂടിയായ ജോൺ മാത്യു മുക്കത്തിന് ഒരു ബിഗ് സല്യൂട്ട് നൽകുന്നുവെന്ന് എഎസ്‌ഐ ജെനീഷ് ചേരാമ്പിള്ളി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം 

കഴിഞ്ഞ ദിവസം ഉച്ച സമയത്ത് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വരുകയാണ്... സാറേ, ഞാൻ SNDP ജംഗ്ഷന് അടുത്ത് നിന്നാണ് വിളിക്കുന്നത്. എനിക്ക് ഈ വഴിയിൽ കിടന്ന് ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്. ഒരു ചെക്ക് ബുക്കും 2-3 ഗോൾഡ് ഓർണമെന്റ്സും ഉണ്ട്. ഞാൻ വളരെ അ‍ർജന്‍റ് ആയി ഒരിടത്ത് പോയി കൊണ്ടിരിക്കുകയാണ്. അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കോളാം എന്റെ പേര് ജോൺ എന്നാണ് ചിറക്കകത്താണ് വീട്. എന്റെ നമ്പർ ഇതാണ്. ആരെങ്കിലും പേഴ്സ് തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തിക്കോളാം, അർജന്റ് ആയത് കൊണ്ടാണ് പോകുന്നത്...

ഇതെന്ത് മനുഷ്യനാണ് എന്ന് ചിന്തിച്ച് വേഗം ആ ഡീറ്റൈൽസ് നോട്ട് ചെയ്ത് വെച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു കപ്പിൾസ് സ്റ്റേഷനിലേക്ക് വന്നു. അതിൽ ലേഡി സംസാരിക്കാൻ പോലുമാകാതെ വല്ലാതെ ടെൻഷൻ ആയാണ് ഇരിക്കുന്നത്. കാര്യം തിരക്കിയപ്പോൾ ഭർത്താവ് ആണ് പറഞ്ഞത്, 'ഇതെന്റെ വൈഫ് ആണ് അവൾ ബാങ്കിൽ പോയി വരുന്ന വഴി സ്കൂട്ടറിൽ നിന്നും കവർ കീറി അവളുടെ പേഴ്സ് റോഡിൽ എവിടെയോ പോയി എന്നെ ജോലി സ്ഥലത്ത് നിന്നും വിളിച്ച് വരുത്തിയതാണ്. പലയിടത്തും നോക്കിയിട്ട് കിട്ടിയില്ല.. കുറച്ച് ഗോൾഡ് ഒർണമെന്റ്സും ചെക്ക് ബുക്കും ഉണ്ടായിരുന്നു. അവളാകെ ടെൻഷനിൽ ആണ് സാറെ'.

നിങ്ങൾ ടെൻഷൻ അടിക്കണ്ട. അത് ഒരു നല്ല മനുഷ്യന്റെ കയ്യിൽ ആണ് കിട്ടിയത്. അയാളെ ഞാൻ വിളിക്കാം. ആ പേഴ്സുമായി ആൾ വരും. ആ മറുപടി കേട്ടതോടെ രണ്ട് പേരും ഞെട്ടിപ്പോയി. പെട്ടെന്ന് തന്നെ അവരുടെ അത്ര നേരത്തെ ആ സങ്കട മുഖഭാവം സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിയ ഭാവമായി മാറി. വേഗം തന്നെ ആൾ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു..നമ്പർ എങ്ങാനും മാറിയോ എന്ന് ഉള്ളിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും 1st ബെല്ലിൽ തന്നെ ആൾ എടുത്തതോടെ അത് മാറി. വിവരം പറഞ്ഞതോടെ ആൾ പെട്ടെന്ന് തന്നെ എത്താം എന്നറിയിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആൾ എത്തി. പേഴ്സിലുണ്ടായിരുന്ന നാലര പവനോളം തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തിയ ശേഷം ചെക്ക് ബുക്കും സ്വർണ്ണം ഉൾപ്പെടെ പേഴ്സും കൈമാറി ആ നല്ല മനുഷ്യനെ കൊണ്ട് അവർക്ക് കൈമാറി.

തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത ഒത്തിരി പരാതികൾ ദിവസവും സ്റ്റേഷനിൽ വരുന്നത് കാണാറുള്ള ഞാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആരുടെയോ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഏകദേശം നാലര ലക്ഷം രൂപ വരുന്ന ആ മുതൽ അതിന്റെ യഥാർത്ഥ ഉടമസ്ഥനിലേക്ക് തന്നെ കിട്ടാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ആ നല്ല മനുഷ്യന് മനസ്സ് കൊണ്ട് ഒരു സല്യൂട്ട് നൽകി ആ പേഴ്സ് കൈമാറിയപ്പോൾ ഞാനും സാക്ഷിയായി. വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതിനു മുകളിലും അതിന്റെ യഥാർത്ഥ ഉടമയുടെ കണ്ണ്നീർ പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിക്കുന്ന സമൂഹത്തിന് മാതൃകയായ പ്രവർത്തി ചെയ്ത വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്ട്സിന്റെ പ്രസിഡന്റ് കൂടിയായ ജോൺ മാത്യു മുക്കത്തിന് ഒരു ബിഗ് സല്യൂട്ട്.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്