
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച തുക മാറിനൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സറ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. നെയ്യാറ്റിൻകര കാരോട് സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങിയ കാരോട് ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സറ്റൻഷൻ ഓഫീസർ സന്ദീപ് റ്റി എസാണ് ഇന്ന് വിജിലൻസിന്‍റെ വലയിലായത്. കൊല്ലം അയത്തിൽ സ്വദേശിയായ സന്ദീപ് 4000 രൂപയാണ് പലതവണയായി കൈക്കൂലി വാങ്ങിയത്. പരാതിക്കാരൻ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിന് കാരോട് ഗ്രാമ പഞ്ചായത്തിൽ 2024 ൽ ഒരു അപേക്ഷ നൽകിയരുന്നു. വീട് അപ്രൂവായി തുടർന്ന് 4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതി പ്രകാരമുള്ള ആദ്യ ഗഡുവായ 40,000 രൂപ അനുവദിച്ച സമയം സന്ദീപ് . റ്റി.എസ്സ് പരാതിക്കാരന്റെ വീടും സ്ഥലവും സന്ദർശിക്കുകയും തുടർന്ന് ഓഫീസിലെത്തിയ പരാതിക്കാരനിൽ നിന്നും 500 രൂപ വാങ്ങിച്ചെടുത്തു.
രണ്ടാം ഗഡുവായ 1 ലക്ഷം രൂപ മാറിനൽകിയ സമയത്തും സന്ദീപ് വീണ്ടും 1,000 രൂപയും കൂടി പരാതിക്കാരനിൽ നിന്നും നിർബന്ധിച്ച് വാങ്ങിച്ചെടുത്തിരുന്നു. 3-ാം ഗഡുവായ 2 ലക്ഷം രൂപ അനുവദിച്ചപ്പോൾ പരാതിക്കാരൻ ഓഫീസിലെത്തി വില്ലേജ് എക്സറ്റൻഷൻ ഓഫീസറായ സന്ദീപ് . റ്റി.എസ്സ്നെ നേരിൽ കാണുകയും സന്ദീപ് വീട് പണി വന്ന് നോക്കി പോകുകയും ചെയ്തു. എന്നാൽ പണം മാറികിട്ടാൻ വീണ്ടും കാലതാമസമുണ്ടായി. തുടർന്ന് പരാതിക്കാരൻ പഞ്ചായത്ത് ഓഫീസിലെത്തി വിവരം തിരക്കിയപ്പോൾ 2,500 രൂപ കൂടി തന്നാൽ മാത്രമെ തുക പാസ്സാക്കി നൽകുകയുള്ളുവെന്ന് പറഞ്ഞ് തിരികെ അയച്ചു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ അഖിയിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് വൈകിട്ട് 4 മണിയ്ക്ക് കാരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ഓഫീസ് പരിസരത്ത് വച്ച് പരാതിക്കാരനിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങവേ സന്ദീപ് റ്റി.എസ്സിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam