ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു

By Web TeamFirst Published Oct 5, 2019, 9:15 PM IST
Highlights

ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അമ്മ മഹിജയും സഹോദരി അവിഷ്ണയും  ചേർന്നാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തിയത്.

കോഴിക്കോട്: സ്വാശ്രയ കോളേജുകളിലെ  ഇടിമുറികളെ  പിടിച്ചു കുലുക്കി മലയാളികളുടെ മനസ്സിൽ നൊമ്പരമായി വിട്ട് പിരിഞ്ഞ ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു. നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേർന്ന് ഗ്രാന്‍റ് ഫിലിംസിന്‍റെ ബാനറില്‍ നിർമ്മിക്കുന്ന മലയാള ചലച്ചിത്രം വൈറൽ 2019 ന്റെ  പൂജയും സ്വിച്ച് ഓൺ കർമ്മവും  നാദാപുരം വളയത്തെ ജിഷ്ണു പ്രണോയിനഗറില്‍  നടന്നു.

ജിഷ്ണു പ്രണോയി അന്ത്യവിശ്രമം കൊണ്ട മണ്ണില്‍ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അമ്മ മഹിജയും സഹോദരി അവിഷ്ണയും  ചേർന്നാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തിയത്. ചിത്രത്തിന്റെ ആദ്യ ക്ലാപ്പ്  ലിബർട്ടി ബഷീർ നിർവഹിച്ചു.

സിനിമാ സംഗീത സംവിധായാകാന്‍ ആലപ്പി രംഗനാഥന്‍, സെന്തില്‍ , കെകെ ശ്രീജിത് നടിമാരായ പൊന്നമ്മ ബാബു ,സേതുലക്ഷ്മി, നവാഗത സംവിധായകരായ എട്ടുപേരും ചേര്‍ന്ന് തിരികൊളുത്തി. വൈറൽ 2019 ന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമുൾപ്പടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് പരിപാടികള്‍  നടന്നത്.

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഹനാന്‍ ഉള്‍പ്പെടെയുള്ളവരും  മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ മാസം അവസാനത്തോടെ പാലക്കാടും കോയമ്പത്തൂരുമായി ചിത്രത്തിന്റെ ഷൂട്ടിംഗ്. നിർമ്മാണം മാത്രമല്ല സംവിധാനവും ഏറ്റെടുത്ത് പുതിയ 8 സംവിധായകർക്ക് നേതൃത്വം കൊടുക്കുന്നത് നൗഷാദ് ആലത്തൂരാണ്. തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ , ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിർമാതാവും സാമൂഹിക പ്രവർത്തകനുമാണ് നൗഷാദ് ആലത്തൂർ.

ജിഷ്ണു പ്രണോയിയെ ഇല്ലാതാക്കിയവര്‍ ഭയപ്പെടുന്നത് അവന്‍റെ ഓര്‍മകളെയും മാധ്യമങ്ങളെയുമാണെന്നും ഇപ്പോള്‍ സിനിമയെന്ന വലിയ മാധ്യമത്തിലൂടെ അവന്‍റെ ഓര്‍മകള്‍ വീണ്ടും എത്തുമ്പോള്‍ വലിയ സന്തോഷമുണ്ടെന്ന് ജിഷ്ണവിന്‍റെ അമ്മ  മഹിജ പറഞ്ഞു. 
 

click me!