മന്ത്രിമാർക്കും എം പിക്കും സമയമില്ല; വിശപ്പു രഹിത പദ്ധതിയുടെ ഭക്ഷണ വിതരണ കേന്ദ്രം അടഞ്ഞുതന്നെ

Published : Feb 06, 2019, 09:53 AM IST
മന്ത്രിമാർക്കും എം പിക്കും സമയമില്ല; വിശപ്പു രഹിത പദ്ധതിയുടെ ഭക്ഷണ വിതരണ കേന്ദ്രം അടഞ്ഞുതന്നെ

Synopsis

പാതിരപ്പള്ളിയിലെ സ്നേഹജാലകത്തിൽ ഭക്ഷണം പാകം ചെയ്ത് വിതരണ കേന്ദ്രത്തിൽ എത്തിച്ച് വിതരണം നടത്തുക എന്നതായിരുന്നു പദ്ധതി. ഉച്ചയൂണിന് 20 രൂപ മാത്രമായിരുന്നു വില നിശ്ചയിച്ചിരുന്നത്. അതും നൽകാനില്ലാത്തവർക്ക് സൗജന്യമായി നൽകാനും പദ്ധതിയുണ്ടായിരുന്നു

ആലപ്പുഴ: സ്ഥലം എംപിക്കും മന്ത്രിമാർക്കും സമയമില്ല, വിശപ്പുരഹിത ആലപ്പുഴ പദ്ധതിയുടെ ഏറ്റവും ആകർഷകമായ ഭക്ഷണവിതരണ കേന്ദ്രം അടഞ്ഞുതന്നെ. ടി വി അനുപമ ജില്ലാ കളക്ടർ ആയിരിക്കെയാണ് വിശപ്പുരഹിത ആലപ്പുഴ പദ്ധതി പിറക്കുന്നത്. ഭക്ഷ്യപൊതുവിതരണ മന്ത്രി പി തിലോത്തമനായിരുന്നു ഇതിന് മുൻകൈയെടുത്തത്. ജില്ലയിലെ പ്രധാന സന്നദ്ധ സംഘടനകളെയും പദ്ധതിയിൽ പങ്കാളികളാക്കി 11 അംഗ കമ്മിറ്റിയും രൂപീകരിച്ചു. 2018ൽ തന്നെ ഭക്ഷണവിതരണ കേന്ദ്രം തുടങ്ങണം എന്നായിരുന്നു ലക്ഷ്യം. 

ഇതിനായി ആലപ്പുഴ നഗരസഭ രാത്രികാല വിശ്രമ സമുച്ചയത്തിന്‍റെ താഴത്തെ അഞ്ച് കടമുറികൾ സൗജന്യമായി വിട്ടുനൽകുകയും ചെയ്തു. ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപയിൽനിന്ന് അഞ്ചര ലക്ഷം രൂപ വിനിയോഗിച്ച് വിതരണ കേന്ദ്രത്തിൽ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. ജില്ലയിലെ തന്നെ വിവിധ ക്ലബ്ബുകൾ ഇവിടേക്ക് വേണ്ട പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നൽകി. നിർമിതി കേന്ദ്രം ആണ് ഭക്ഷണവിതരണ കേന്ദ്രത്തിന്‍റെ സജ്ജീകരണങ്ങൾ ഒരുക്കിയത്. 

പാതിരപ്പള്ളിയിലെ സ്നേഹജാലകത്തിൽ ഭക്ഷണം പാകം ചെയ്ത് വിതരണ കേന്ദ്രത്തിൽ എത്തിച്ച് വിതരണം നടത്തുക എന്നതായിരുന്നു പദ്ധതി. ഉച്ചയൂണിന് 20 രൂപ മാത്രമായിരുന്നു വില നിശ്ചയിച്ചിരുന്നത്. അതും നൽകാനില്ലാത്തവർക്ക് സൗജന്യമായി നൽകാനും പദ്ധതിയുണ്ടായിരുന്നു. നിരവധി സന്നദ്ധ സംഘടനകളുടെ വിയർപ്പാണ് രാഷ്ട്രീയ വടംവലിയെ തുടർന്ന് ജനങ്ങൾക്ക് ഉപകാരം ലഭിക്കാതെ കിടക്കുന്നത്. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ മുൻകൈ എടുത്ത് രൂപീകരിച്ച പദ്ധതിയിൽ ആദ്യം സിപിഎം ചില അനിഷ്ടങ്ങൾ കാട്ടിയെങ്കിലും നിലവിൽ ആലപ്പുഴ നഗരസഭയാണ് ഉദ്ഘാടന പരിപാടിയിൽ കടുംപിടുത്തം പിടിക്കുന്നത്. ജില്ലയിലെ മന്ത്രിമാരെ ഉൾപെടുത്തി പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ രണ്ട് പ്രാവശ്യം തീയതി നിശ്ചയിച്ചെങ്കിലും രാഷ്ട്രീയ വടംവലി കാരണം മാറ്റിവെക്കുകയായിരുന്നു.

നഗരസഭ സൗജന്യമായി വിട്ടുനൽകിയത് കൊണ്ട് എംപിക്ക് സാധ്യമാകുന്ന ദിവസം ഉദ്ഘാടന പരിപാടി സംഘടിപ്പിക്കണമെന്ന് നഗരസഭ ചെയർമാൻ നിർബന്ധം പറയുന്നതിനാലാണ് പദ്ധതി ഉദ്ഘാടനം വൈകുന്നതെന്ന് ബന്ധപ്പെട്ട അധികാരികൾ  പറയുന്നു. അതേസമയം, ഉദ്ഘാടനം വൈകുന്നതിനാൽ കെട്ടിടം തിരികെയെടുക്കുമെന്നും നഗരസഭ അധികൃതരുടെ ഭീഷണിയുണ്ട്. നിലവിൽ സ്നേഹജാലകത്തിൽ പാകം ചെയ്യുന്ന ഭക്ഷണം വാഹനങ്ങളിൽ കിടപ്പുരോഗികൾക്ക് എത്തിക്കുന്ന പരിപാടി മാത്രമാണ് നടക്കുന്നത്. എല്ലാം സജ്ജമായിട്ടും രാഷ്ട്രീയ ചേരിപ്പോരിൽ പെടുത്തി ജനങ്ങൾക്ക് ഏറെ ഉപകാരമുള്ള പദ്ധതി ഇങ്ങനെ വെച്ചുനീട്ടരുതെന്നാണ് ജനങ്ങളുടെ പക്ഷം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം