ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു

By Web TeamFirst Published Sep 1, 2018, 12:03 PM IST
Highlights

 പ്രളയവും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലും തുടർച്ചയായതോടെയാണ് ജില്ലയിൽ സഞ്ചാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്

ഇടുക്കി: പ്രളയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദർശകരുടെ വിലക്ക് പിൻവലിച്ചു. പ്രളയവും, മണ്ണിടിച്ചിലും , ഉരുൾപൊട്ടലും തുടർച്ചയായതോടെയാണ് ജില്ലയിൽ സഞ്ചാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്.

സന്ദർശകർ ഒഴിഞ്ഞതോടെ സർക്കാരിന്റെ ടീ കൗണ്ടിയടക്കുള്ള റിസോർട്ടുകൾ അടക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യാപാര മേഖലകളിലും  സ്ഥിതി മറിച്ചല്ലായിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകൾ അടഞ്ഞതോടെ ഇവരുടെ കുടുംബങ്ങൾ പട്ടിണിയുടെ വക്കിലായി. 

കുറിഞ്ഞി സീസണോട് അനുബന്ധിച്ച് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നത്. പദ്ധതികൾ പലതും ഫലം കണ്ടില്ലെന്ന് മാത്രമല്ല മലവെള്ളപാച്ചാലിൽ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം മഴ മാറിയതോടെ രാജമലയിൽ കുറിഞ്ഞി പൂക്കൾ വീണ്ടും വിരിഞ്ഞു തുടങ്ങി.

ഏക്കറുകണക്കിന് മലകളിൽ നീല വസന്തം എത്തിയെങ്കിലും സന്ദർശകർ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.  തുടര്‍ന്ന് കളക്ടർ ഇന്നലെ രാത്രിയോടെ നിരോധനം പിൻവലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 
 

click me!