മേല്‍ക്കൂര തകര്‍ന്നു, ഷീറ്റ് പാറിപ്പോയി; തീര സുരക്ഷക്കായി നിയോഗിച്ച പൊലീസുകാര്‍ക്ക് ചോര്‍ന്നൊലിക്കുന്ന സ്റ്റേഷന്‍

By Nikhil PradeepFirst Published Sep 23, 2019, 9:48 AM IST
Highlights

പൊലീസ് സ്റ്റേഷന്റെ മേൽക്കൂര പലയിടങ്ങളിലും തകർന്ന അവസ്‌ഥയാണ്‌. തുരുമ്പെടുത്ത ഷീറ്റുകൾ പലതും കാറ്റിൽ പറന്നു പോയി. ഇതോടെ മഴയിൽ പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക്  വെള്ളം ഇറങ്ങുന്ന അവസ്ഥയാണ്. 

തിരുവനന്തപുരം: തീരസുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന പൊലീസുകാർ ജോലി ചെയ്യുന്നത് മേല്‍ക്കൂര തകര്‍ന്ന് ചോർന്നൊലിക്കുന്ന സ്റ്റേഷനില്‍. ഉദ്‌ഘാടനം കഴിഞ്ഞു ഏഴു വർഷം പിന്നിടുമ്പോൾ വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷന്‍ അതീവ ശോചനീയാവസ്ഥയിലാണ്. കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പൊലീസ് കെട്ടിടത്തിൽ നിർമാണ വേളയിൽ കടൽകാറ്റിനെ പ്രതിരോധിക്കാൻ വേണ്ട സാമഗ്രികൾ ഉപയോഗിക്കാത്തതാണ് ശോചനീയവസ്ഥയ്ക്ക് കാരണം. 

പൊലീസ് സ്റ്റേഷന്റെ മേൽക്കൂര പലയിടങ്ങളിലും തകർന്ന അവസ്‌ഥയാണ്‌. തുരുമ്പെടുത്ത ഷീറ്റുകൾ പലതും കാറ്റിൽ പറന്നു പോയി. ഇതോടെ മഴയിൽ പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക്  വെള്ളം ഇറങ്ങുന്ന അവസ്ഥയാണ്. കാറ്റിൽ തകര ഷീറ്റുകൾ പറന്നു പോകുന്നത് പൊലീസുകാർക്കും ഒപ്പം സമീപത്തെ മൽസ്യത്തൊഴിലാളികൾക്കും അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. അലുമിനിയം ഫ്രേമിൽ ആണ് പൊലീസ് സ്റ്റേഷന്റെ മുൻ വശം നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസുകൾ പലതും ഇളകി വീണ അവസ്ഥയിലാണ്. 

ഗ്ലാസ് ഇളകി വീണ ഭാഗങ്ങളിൽ പലയിടത്തും പൊലീസുകാർ പേപ്പർ വെച്ച് മറച്ചിരിക്കുകയാണ്. മഴപെയ്തു കഴിഞ്ഞാൽ കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിലുള്ള പൊലീസുകാരുടെ വിശ്രമ മുറിക്കുളിലേക്ക് വെള്ളം ഇറങ്ങുന്ന അവസ്ഥയാണ്.

2010ൽ ആണ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. മൂന്ന് വർഷം പിന്നിട്ടപ്പോൾ തന്നെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും നശിച്ചു തുടങ്ങി. 2014 ആയപ്പോൾ തന്നെ കെട്ടിടത്തിന്റെ ഷീറ്റുകൾ പലയിടങ്ങളിലും തുരുമ്പെടുത്തു പറന്നു പോയി. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ വിഭാഗത്തിനാണ് കെട്ടിടത്തിന്റെ അറ്റകുറ്റപണികളുടെ ചുമതല. 

കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്താൻ മാറി മാറി വന്ന സർക്കിൾ ഇൻസ്പെക്ടര്മാർ അപേക്ഷ നൽകിയെങ്കിലും ഭലം കണ്ടില്ല. സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെ 33 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി നോക്കുന്നത്. കെട്ടിടം അറ്റകുറ്റപണികൾ നടത്താൻ എസ്റ്റിമേറ്റ് എടുത്തെങ്കിലും മേൽക്കൂര ഭാഗം പുനർനിർമ്മിക്കാൻ ഭീമമായ തുക വേണ്ടിവരുമെന്നതിനാൽ ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്.

click me!