'ഇടിച്ചിട്ട് സ്വര്‍ണ്ണം നേടി'; ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വിഴിഞ്ഞത്തിന് അഭിമാനമായി അബ്ദുൾ റസാഖ്

By Web TeamFirst Published Mar 4, 2021, 7:40 PM IST
Highlights

ജില്ലയിൽ വിജയിച്ച അബ്ദുൾ റസാഖ് ഇനി 8, 9, 10 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

തിരുവനന്തപുരം: എതിരാളികളെ ഇടിച്ചിട്ട് തിരുവനന്തപുരം ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പ് 70 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടി വിഴിഞ്ഞതിന് അഭിമാനമായി പതിനേഴുകാരൻ. പരിമിതികൾക്ക് ഇടയിൽ നൽകിയ പരിശീലനത്തിലും വിജയത്തിന്റെ നിറവിൽ വിഴിഞ്ഞം സീ ഫൈറ്റേഴ്‌സ് ക്ലബ്.

വിഴിഞ്ഞം ഹാർബർ റോഡ് ചെറുമണൽക്കുഴിയിൽ ഹമീദ് കണ്ണിന്റെയും പരേതയായ റഹ്‌മത്ത് ഐഷയുടെയും മകൻ അബ്ദുൾ റസാഖ് (17) ആണ് തീരദേശത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. വിഴിഞ്ഞം സീ ഫൈറ്റേഴ്‌സ് ബോക്സിങ് ക്ലബിലെ അംഗമായ അബ്ദുൾ റസാഖ് കഴിഞ്ഞ രണ്ടു വർഷമായി പരിശീലകനായ പ്രിയൻ റോമന് കീഴിൽ ബോക്സിങ് പരിശീലിക്കുന്നുണ്ട്. 

ജില്ലയിൽ വിജയിച്ച അബ്ദുൾ റസാഖ് ഇനി 8, 9, 10 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുൻപ് സ്‌കൂൾ ഗെയിംസിൽ ജില്ലാ ചാമ്പ്യനായി സംസ്ഥാനതലത്തിലേക്ക് എത്തിയിരുന്നുയെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇക്കുറി വിജയിക്കണം എന്ന ലക്ഷ്യത്തോടെയാണ് അബ്ദുൾ റസാഖിന്റെ പരിശീലനം. 

ഏഴു വർഷത്തിന് ശേഷം വീണ്ടും തിരുവനന്തപുരമാണ് സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. പത്താംതരം വിജയിച്ച അബ്ദുൾ റസാഖ് കഴിഞ്ഞ തവണ പ്ലസ് വൺ അലോട്മെന്റ് ലഭിക്കാത്തതിനാൽ അഡ്മിഷൻ എടുത്തിരുന്നില്ല. ഇക്കുറി അഡ്മിഷൻ എടുത്ത് വിദ്യാഭ്യാസം തുടരും എന്ന് അബ്ദുൾ റസാഖ് പറഞ്ഞു. 

വിദേശത്ത് ജോലി ചെയ്യുന്ന സഹോദരനാണ് ബോക്സിങ് പഠനത്തിനും പരിശീലനത്തിനും വേണ്ടിയുള്ള ചിലവുകൾ വഹിക്കുന്നത്. പിതാവിനും, ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ സഹോദരിക്കും, ജേഷ്ഠ ഭാര്യ, ഇവരുടെ കുഞ്ഞ് എന്നിവർക്കൊപ്പം രണ്ടുമുറി വീട്ടിലാണ് അബ്ദുൾ റസാഖ് താമസിക്കുന്നത്. സ്വന്തമായി നല്ലൊരു വീട് ആണ് ഈ 17കാരന്റെ സ്വപ്നം.

കഴിഞ്ഞ ആഴ്ച വരെ അടച്ചിട്ടിരിക്കുന്ന ബൈപാസ് റോഡിലായിരുന്നു സീ ഫൈറ്റേഴ്‌സ് ബോക്സിങ് ക്ലബിന്റെ ബോക്സിങ് പരിശീലനം. വളരെ പരിമിതികൾക്ക് ഉള്ളിൽ നിന്നും നൽകിയ പരിശീലനത്തിലും വിജയം കൈവരിക്കാൻ സാധിച്ച സന്തോഷത്തിലാണ് തങ്ങൾ എന്ന് കോച്ച് പ്രിയൻ റോമൻ പറഞ്ഞു. 

രണ്ടു ദിവസം മുൻപാണ് വിഴിഞ്ഞം പുതിയ പാലത്തിനും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനും ഇടയിലായി ഒരു കെട്ടിടത്തിലേക്ക് ക്ലബ്ബിന്റെ പരിശീലനം മാറ്റിയത്. പരിമിതികൾ കാരണം മെച്ചപ്പെട്ട രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞിരുന്നില്ലയെന്നും അതിനാലാണ് കടം ഉൾപ്പടെ വാങ്ങി ഒരു കെട്ടിടത്തിലേക്ക് പരിശീലനം മാറ്റിയതെന്നും പ്രിയൻ പറഞ്ഞു. 
സംസ്ഥാന അമച്വർ ബോസിങ് അസോസിയേഷന്റെ ലൈസൻസുള്ള പരിശീലകനാണ് പ്രിയൻ. നിലവിൽ 18പേർ ഇവിടെ പ്രിയന് കീഴിൽ പരിശീലിക്കുന്നുണ്ട്. ഇനിയും കൂടുതൽ മെഡലുകൾ വിദ്യാർത്ഥികൾക്ക് നേടാൻ കഴിയുമെന്ന ആത്മവിശ്വസത്തിലാണ് പ്രിയൻ.

click me!