വിഴിഞ്ഞത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്; വള്ളങ്ങള്‍ തകര്‍ന്നു, ലക്ഷങ്ങളുടെ നാശം

By Web TeamFirst Published Sep 28, 2021, 9:56 AM IST
Highlights

തുറമുഖത്ത് സുരക്ഷിത സ്ഥാനങ്ങളില്‍ നങ്കൂരമിട്ടു നിര്‍ത്തിയ വള്ളങ്ങളാണ് തകര്‍ന്നത്. രാത്രിയോടെ വീശിയടിച്ച കാറ്റില്‍ വടങ്ങളില്‍ ബന്ധിച്ച വള്ളങ്ങള്‍ നങ്കൂരം തകര്‍ത്ത് കരയിലേക്ക് ഇടിച്ച് കയറി പരസ്പരം കൂട്ടി ഇടിച്ച് തകര്‍ന്നു. വലകളും ഔട്ട് ബോര്‍ഡ് എന്‍ജിനുകളും മണലിനടിയിലായി. 

തിരുവനന്തപുരം: വിഴിഞ്ഞം (Vizhinjam) തീരത്തെ വിറപ്പിച്ച്  ആഞ്ഞടിച്ച കാറ്റ് (cyclone) നാശം വിതച്ചു. തീരത്തോട് ചേര്‍ന്ന്  കടലില്‍ കെട്ടിയിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങള്‍ കരയിലേക്ക്  ഇടിച്ച് കയറിയും പരസ്പരം കൂട്ടിയിടിച്ചും തകര്‍ന്നു. വള്ളങ്ങളും വലകളും എന്‍ജിനുകളും മണ്ണിനിടയിലായി. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായി  മത്സ്യത്തൊഴിലാളികള്‍(Fishermen)  പറഞ്ഞു.  അര്‍ദ്ധരാത്രിയോടെ മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ്  നാശം വിതച്ചത്. 

ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില്‍ നാശം വിതച്ച് കടന്നു പോയ ചുഴലിക്കാറ്റ്  ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസവും കേരള തീരത്ത് മത്സ്യബന്ധന ത്തിന് പോകുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ കടലില്‍നിന്ന് മടങ്ങി എത്തിയ മത്സ്യത്തൊഴിലാളികള്‍ തുറമുഖത്ത് സുരക്ഷിത സ്ഥാനങ്ങളില്‍ നങ്കൂരമിട്ടു നിര്‍ത്തിയ വള്ളങ്ങളാണ് തകര്‍ന്നത്. രാത്രിയോടെ വീശിയടിച്ച കാറ്റില്‍ വടങ്ങളില്‍ ബന്ധിച്ച വള്ളങ്ങള്‍ നങ്കൂരം തകര്‍ത്ത് കരയിലേക്ക് ഇടിച്ച് കയറി പരസ്പരം കൂട്ടി ഇടിച്ച് തകര്‍ന്നു. വലകളും ഔട്ട് ബോര്‍ഡ് എന്‍ജിനുകളും മണലിനടിയിലായി. 

വള്ളക്കടവ് സ്വദേശികളായ ലോറന്‍സ്, സൈമണ്‍, അരുളപ്പന്‍, വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്‌സണ്‍, റോമന്‍, മൈക്കിള്‍, വില്‍സണ്‍ എന്നിവരുടെ വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മറ്റ് നിരവധി വള്ളങ്ങള്‍ക്ക്  കൂട്ടിയിടിച്ച്  കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതായി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ തന്നെ ഉള്‍ക്കടലില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. ഇതോടെ  മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിത്തമുപേക്ഷിച്ച് തിരിച്ചെത്തിയതിനാല്‍ അപകടമൊഴിവായി.
 

click me!