കര്‍ശന സുരക്ഷാ മാനദണ്ഡങ്ങൾ, ബഗ്ഗി കാർ നിർബന്ധമല്ല, ഇടുക്കി ഡാം ഇനി നടന്ന് കാണാം

Published : Nov 07, 2025, 08:01 PM IST
idukki dam visit

Synopsis

കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമില്‍ സന്ദര്‍ശന അനുമതി നല്‍കിയിട്ടുള്ളതെന്നും സഞ്ചാരികള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി

ഇടുക്കി: സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്തും എല്ലാ സഞ്ചാരികള്‍ക്കും ഡാം കാണാന്‍ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ കാല്‍ നട യാത്രികര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമില്‍ സന്ദര്‍ശന അനുമതി നല്‍കിയിട്ടുള്ളതെന്നും സഞ്ചാരികള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഡാം സന്ദര്‍ശന സമയം. കാല്‍നട യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും, കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബഗ്ഗികാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ട് ബഗ്ഗി കാര്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും 3750 പേര്‍ക്കാണ് സന്ദര്‍ശനാനുമതിയുള്ളത്. 2500 പേര്‍ക്ക് ഓണ്‍ലൈന്‍ മുഖേന കാല്‍നടയാത്രക്കും, 1248 പേര്‍ക്ക് ബഗ്ഗികാര്‍ സേവനം പ്രയോജനപ്പെടുത്തിയും ഡാം സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ ബുക്കിംഗില്‍ യാത്രക്കാര്‍ പൂര്‍ണമായില്ലെങ്കില്‍ സ്‌പോട്ട് ടിക്കറ്റിംഗ് സംവിധാനവും പ്രയോജനപ്പെടുത്താം.

മന്ത്രി റോഷി അഗസ്റ്റിന്റെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് സഞ്ചാരികള്‍ക്ക് ഇടുക്കി ഡാം നടന്ന് കാണുന്നതിന് അനുമതി ലഭിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍, ഹൈഡല്‍ ടൂറിസം ഡയറക്ടര്‍, ഇടുക്കി ജില്ലാകളക്ടര്‍ മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് ഇടുക്കി ഡാമില്‍ കാല്‍നട യാത്രയ്ക്ക് അനുമതി ലഭ്യമായത്.

ഇന്നലെ വരെ ബഗ്ഗി കാറുകളില്‍ മാത്രമായിരുന്നു സഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. നിലവില്‍ നവംബര്‍ 30 വരെയാണ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. ടിക്കറ്റുകള്‍ www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനു ശേഷം സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ഇവിടെ നിന്നു ടിക്കറ്റ് കരസ്ഥമാക്കാം.

ഡാം പരിസരത്ത് നടന്ന ടിക്കറ്റ് വിതരണോദ്ഘാടന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം ടിക്കറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു, ഹൈഡല്‍ ടൂറിസം സെന്റര്‍ സീനിയര്‍ മാനേജര്‍ ജോയല്‍ തോമസ്, ഡാംസേഫ്റ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സൈന വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികളായ റോമിയോ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍ എന്നിവരും മന്ത്രിക്കൊപ്പം ഡാം സന്ദര്‍ശനം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്