71,553 രൂപ ആശുപത്രി ബിൽ, 35,000 രൂപയെ ക്ലെയിം നൽകൂ എന്ന് ഹെൽത്ത് ഇൻഷുറൻസ് കമ്പനി; 66, 553 കൂടി ഉടൻ നൽകണമെന്ന് വിധി

Published : Nov 07, 2025, 07:07 PM IST
hospital bed drip

Synopsis

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഭാഗികമായി നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്താവിന് അനുകൂല വിധി. ശസ്ത്രക്രിയയ്ക്ക് മറ്റൊരു ചികിത്സയുടെ സബ്-ലിമിറ്റ് ബാധകമാക്കിയത് തെറ്റാണെന്ന് കണ്ടെത്തിയ ഉപഭോക്തൃ കോടതി, ബാക്കി തുകയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു.

​കൊച്ചി: ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രകാരമുള്ള ചികിത്സാ ക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. വിഷ്വൽ ഇന്‍റേണൽ യൂറിത്രോടോമി എന്ന ശസ്ത്രക്രിയയ്ക്ക് 'യൂറിനറി സ്റ്റോൺ ചികിത്സക്ക്‌ നിഷ്‌കർഷിച്ച സബ്‌ലിമിറ്റ്' ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും കരാർ വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് എന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.

​​ചാലക്കുടി സ്വദേശിയായ ഐപ്പ്‌ പി ജോസഫ്, ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഗ്രൂപ്പ് ഹെൽത്ത് പോളിസി പ്രകാരം 5,00,000 രൂപയുടെ പരിരക്ഷ പോളിസി ഉടമയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 2024 ഡിസംബർ മാസം പരാതിക്കാരൻ അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ വെച്ച് ബുൾബാർ യൂറിത്രൽ സ്ട്രിക്ചറിനായി വിഷ്വൽ ഇന്‍റേണൽ യൂറിത്രോടോമി ശസ്ത്രക്രിയയ്ക്ക് വിധേയനായി. 71,553 രൂപ ബിൽ ആകുകയും ചെയ്തു.

35,000 രൂപ മാത്രം അനുവദിച്ചു

​എന്നാൽ ഇൻഷുറൻസ് കമ്പനി 35,000 രൂപ മാത്രമാണ് അനുവദിച്ചത്. മൂത്രാശയ കല്ല് ചികിത്സകൾക്ക് പ്രത്യേക പരിധി ഉണ്ടെന്നും ആയത് 35,000 രൂപ ആണെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലെയിം കമ്പനി വെട്ടിക്കുറച്ചത്. ​എന്നാൽ വിഐയു ശസ്ത്രക്രിയ മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള നടപടിക്രമമല്ലെന്നും, തന്‍റെ പ്രധാന രോഗനിർണയം യൂറിത്രൽ സ്ട്രിക്ചർ ആയിരുന്നുവെന്നും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കി വാദി കോടതിയെ ബോധിപ്പിച്ചു.

ഇൻഷുറൻസ് പോളിസിയിലെ വ്യവസ്ഥകൾ അവ്യക്തമാണെങ്കിൽ ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള പ്രത്യേക പരിധി ഈ ചികിത്സക്ക്‌ ബാധകമാക്കാൻ കഴിയില്ല. ഇൻഷുറൻസ് കമ്പനിയുടെ ഇത്തരം നടപടികൾ അനീതിയും വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും, ഇൻഷുറൻസ് ഉടമ്പടിക്ക് വിരുദ്ധവുമാണ്. ഇത് സേവനത്തിലെ ന്യുനതയും അധാർമിക വ്യാപാരരീതിയും ആണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

​രോഗിയുടെ ആശങ്ക നിറഞ്ഞ നിമിഷങ്ങളിൽ ഇൻഷുറൻസ് പോളിസികൾ ഒരു സുരക്ഷാവലയം ആകേണ്ടതിനുപകരം, മറ്റൊരു തടസമായി മാറിയെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്, ക്ലെയിം വിലയിരുത്തൽ കൃത്യവും, മനുഷ്യത്വപരവും, മെഡിക്കൽ തെളിവുകൾക്ക് യോജിക്കുന്നതും ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി. ചികിത്സാ ചെലവിന്‍റെ​ ബാക്കി തുകയായ 36,553 രൂപ ഒമ്പത് ശതമാനം പലിശ സഹിതം തിരികെ നൽകുക. ​മാനസിക പ്രയാസത്തിനും ബുദ്ധിമുട്ടിനും അന്യായമായ വ്യാപാരരീതിക്കും നഷ്ടപരിഹാരമായി 25,000 രൂപയും ​കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ: വിനു എലിസബത് ശശി കോടതിയിൽ ഹാജരായി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്