
ആലപ്പുഴ: അപകടാവസ്ഥയിലായ പാലം നാട്ടുകാർക്കൊപ്പം ചേർന്ന് പൊളിച്ചുപണിത പഞ്ചായത്ത് അംഗത്തെ ജയിലിൽ അടച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബി കെ വിനോദിനെയാണ് പൊതുമുതൽ നശിപ്പിച്ചെന്ന പഞ്ചായത്തിന്‍റെ തന്നെ പരാതിയിൽ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൈനകരി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബി കെ വിനോദിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിമാൻഡ് ചെയ്തത്.
പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പാലം പൊളിച്ചെന്നാണ് കേസ്. ഉയരം കുറവായതിനാൽ പ്രളയകാലത്ത്, രക്ഷാപ്രവർത്തനത്തിന് അടക്കം പഴയ പാലം തടസ്സമായിരുന്നു. പഞ്ചായത്തിന്‍റെ ദുരന്ത നിവാരണ കമ്മിറ്റി തയ്യാറാക്കിയ ബലക്ഷയമുള്ളതും പൊളിച്ചുനീക്കേണ്ടതുമായ പാലങ്ങളുടെ പട്ടികയിലും ഉൾപ്പെട്ടിരുന്നു. കൈനകരി വികസന സമിതി എന്ന സംഘടയുണ്ടാക്കി തെരഞ്ഞെടുപ്പിൽ വിജയിച്ച പഞ്ചായത്ത് അംഗങ്ങളിൽ ഒരാളാണ് വിനോദ്.
രാഷ്ട്രീയമായ വിരോധവും കേസിന് പിന്നിലുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊളിച്ചപാലത്തിന്‍റെ നഷ്ടപരിഹാരം കെട്ടിവെച്ചാൽ മാത്രമെ ജാമ്യം ലഭിക്കൂ. ഇതിനുള്ള പണം നാട്ടുകാർ തന്നെ പിരിവെടുക്കുകയാണ്. എന്നാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് പരാതി നൽകിയതെന്ന് പ്രസിഡന്‍റ് വിശദീകരിക്കുന്നു. പുളിങ്കുന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാല് പ്രതികളാണുള്ളത്. ഇതിൽ വിനോദിനെയും നാട്ടുകാരനായ രതീഷിനെയും മാത്രമാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam