മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അവഗണിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് താക്കീത്

By Web TeamFirst Published Sep 18, 2021, 7:00 PM IST
Highlights

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്ച പരിശോധിച്ച് ഇരകൾക്ക് ആശ്വാസം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമാനുസരണം നടപടിയെടുക്കാൻ കമ്മീഷൻ നിർബന്ധിതമാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ താക്കീത് നൽകി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്ച പരിശോധിച്ച് ഇരകൾക്ക് ആശ്വാസം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമാനുസരണം നടപടിയെടുക്കാൻ കമ്മീഷൻ നിർബന്ധിതമാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ താക്കീത് നൽകി.  

ഒക്ടോബർ 26-നകം പരാതി പരിഹരിച്ച ശേഷം സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ  ജുഡീഷ്യൽ അംഗം കെ  ബൈജുനാഥ് ഉത്തരവിട്ടു.   അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമുള്ള 43 കാരിയുടെ അമ്മ, കൽപ്പറ്റ പള്ളിക്കുന്ന് സ്വദേശിനി ഒ.പി. രോഹിണി കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.  

2018 മാർച്ച് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒപി യിലെ ഡോക്ടർ എഴുതിയ മരുന്ന് കഴിച്ചതോടെ മകളുടെ മുടി കൊഴിഞ്ഞു.  അനീമിയ രോഗിക്ക് ഒരിക്കലും നൽകാൻ പാടില്ലാത്ത മരുന്നാണ് വില്ലനായത്.  മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റ് നൽകിയ മരുന്ന് മാറിയതാകാമെന്നാണ് ഒടുവിൽ കണ്ടെത്തിയത്.  ആശുപത്രി സൂപ്രണ്ടിന് അമ്മ പരാതി  നൽകിയിട്ടും ഫലമുണ്ടായില്ല. 

ഫാർമസിയിലെ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ 2018 ജൂലൈയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.  എന്നാൽ റിപ്പോർട്ട് സമർപ്പിച്ചില്ല.  നിരവധി തവണ ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും റിപ്പോർട്ട് നൽകിയില്ല.  ഈ സാഹചര്യത്തിലാണ് ഡയറക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.  
 

click me!