
പാലക്കാട്: പാലക്കാട് നഗരസഭയിലെ മാലിന്യനീക്കം നിലച്ചിട്ട് 65 ദിവസം പിന്നിടുകയാണ്. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പാലക്കാട് നഗരസഭയും കൊടുമ്പ് പഞ്ചായത്തും വിശദീകരണങ്ങൾ നിരത്തുമ്പോൾ പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം.
കൊടുമ്പ് പഞ്ചായത്തിന് കീഴിലാണ് പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം. ഫെബ്രുവരി 19ന് ഇവിടെ തീപ്പിടിത്തമുണ്ടായതോടെ, നഗരമാലിന്യം ഇങ്ങോട്ട് കൊണ്ടുവരുന്നത് കൊടുമ്പ് പഞ്ചായത്ത് വിലക്കി. മാലിന്യ സംസ്കരണ കേന്ദ്രത്തിനടുത്തെ സ്ഥലവാസികളുടെ എതിർപ്പ് രൂക്ഷമായതിനെ തുടർന്നാണ് നടപടിയെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഇതോടെ, നഗരം ചീഞ്ഞുനാറാൻ തുടങ്ങി.
മുണ്ടൂർ ഐആർടിസിയുമായി നഗരസഭ ചർച്ച നടന്നെങ്കിലും പരിഹാരമായില്ല. നിലവിൽ നഗരസഭയുടെ പരിധിയിലുളള ഒഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കുഴിച്ചുമൂടികയാണ്. ഇത് അധികനാൾ പറ്റില്ലെന്നും, മഴതുടങ്ങിയാൽ പകർച്ചവ്യാധികൾ പെരുകുമെന്നുമാണ് ആശങ്ക. സിപിഎം ഭരിക്കുന്ന കൊടുമ്പ് പഞ്ചായത്ത് ട്രെഞ്ചിംഗ് ഗ്രൗണ്ടിന് മേൽ രാഷ്ട്രീയം കളിക്കുന്നെന്നാണ് നഗരസഭയുടെ ആരോപണം.
വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ സ്ഥലമാണെന്നും വേണ്ടി വന്നാൽ ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നും പറയുന്നു നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ. എന്നാൽ നഗരമാലിന്യങ്ങളുടെ കൂമ്പാരമാക്കാൻ പഞ്ചായത്തിനെഅനുവദിക്കില്ലെന്നാണ് കൊടുമ്പ് പഞ്ചായത്തിന്റ വിശദീകരണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ പഞ്ചായത്തുമായുണ്ടാക്കിയ വ്യവസ്ഥകൾ ഒന്നുപോലും പാലിക്കാത്ത സാഹചര്യമുണ്ടെന്നും പഞ്ചായത്ത് വിശദീകരിക്കുന്നു
എല്ലാ വർഷവും തീപിടിക്കുമ്പോൾ നഗരസഭ അധികൃതർ വന്ന് ചർച്ച നടത്തുമെങ്കിലും ശാശ്വതമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈലജ പറയുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം കൊടുക്കുമെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും 4000ലധികം വീടുകളിൽ മാത്രമാണിവയുളളത്. ഫ്ലാറ്റുകളും റസിഡൻഷ്യൽ കോളനികളിലും ബദൽ സംവിധാനമൊന്നുമില്ല.
നിലവിലെ സംസ്കരണകേന്ദ്രത്തിനായി നിയമനടപടിവരെയെന്ന് നഗരസഭയും പ്രതിരോധവുമായി കൊടുമ്പ് പഞ്ചായത്തും നിൽക്കുമ്പോൾ വിഷയം കൂടുതൽ ചീഞ്ഞളിയുമെന്നാണ് നഗരവാസികൾ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam