
ചേർത്തല: വഴിയോരങ്ങളിലും ജലാശയങ്ങളിലും ബാധ്യതയായി മാറേണ്ട നഗരമാലിന്യത്തിൽ നിന്ന് ചേർത്തലയിൽ വിരിഞ്ഞത് വർണ്ണമനോഹരമായ ഓണപ്പൂക്കൾ. ചേർത്തല നഗരസഭയ്ക്ക് കീഴിലുള്ള ഹരിതോദ്യാനത്തിലാണ് വിവിധതരം ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമുണ്ടാക്കുന്ന എയറോബിക് വിൻഡ്രോ യൂണിറ്റിന് മുന്നിലായി ഈ പുഷ്പവസന്തം ഒരുക്കിയിരിക്കുന്നത്. വഴിയോരങ്ങൾ അടിച്ചുവാരുന്ന കരിയിലയും ചപ്പുചവറുകളും ശുചിമുറി സംസ്കരണ പ്ലാന്റിലെ ചെളിയും ഉൾപ്പെടെ വിൻഡ്രോ കമ്പോസ്റ്റിങ്ങിലൂടെ ജൈവവളമാക്കിയാണ് ഗ്രോബാഗുകളിൽ വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്തത്.
പൂക്കൾക്ക് പുറമെ മുളക്, ചോളം, ചെടിമുരിങ്ങ എന്നിവയും ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തിട്ടുണ്ട്. ചേർത്തലയിലെ മാലിന്യസംസ്കരണ കേന്ദ്രമായിരുന്ന ആനതറവെളി, ഒരു വർഷം മുൻപ് മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഹരിതോദ്യാനമായി പുനർനാമകരണം ചെയ്തത്.
ജനങ്ങൾക്ക് മാലിന്യത്തോടുള്ള മനോഭാവം മാറ്റാൻ ഇത്തരം കൃഷിയിടങ്ങൾ വഴിവെക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ എസ് സോബിൻ പറഞ്ഞു. വരും നാളുകളിൽ മാലിന്യത്തിൽ നിന്നുള്ള വളം ഉപയോഗിച്ചുള്ള ഇത്തരം കൃഷിയിടങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് സെക്രട്ടറി ടി കെ സുജിത്ത് വ്യക്തമാക്കി.
മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള ആർ സബീഷ് മണവേലിയുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിലാണ് പൂക്കളുടെ വിളവെടുപ്പ് നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളും ചേർത്തല കൃഷിഭവനും ചേർന്നാണ് ഹരിതോദ്യാനത്തെ കൂടുതൽ മനോഹരമാക്കിയ ഈ പുഷ്പകൃഷിക്ക് പിന്നിൽ പ്രവർത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam