
എറണാകുളം: ഇടുക്കിയില്‍ നിന്ന് മൂന്നു ലോറികളിലായി കൊണ്ടുവന്ന മാലിന്യം കളമശേരിയില്‍ തള്ളാന്‍ ശ്രമിച്ചവര്‍ പിടിയില്‍. രാത്രിയിലെത്തിയ മാലിന്യ ലോഡുകള്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പിടികൂടിയത്. കളമശേരിയിലെ പൊതു സ്ഥലത്ത് ആരും കാണാതെ തള്ളാനാണ് ലോറികളില്‍ മാലിന്യം കൊണ്ടുവന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് വന്ന ലോറികളില്‍ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളാണ് നിറച്ചിരുന്നത്.
കൊച്ചി നഗരത്തിലേയും പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലേയും മാലിന്യം തന്നെ സംസ്‌കരിക്കാന്‍ കഴിയാത്ത പ്രതിസന്ധികള്‍ക്കിടയിലാണ് മറ്റ് ജില്ലകളില്‍ നിന്നും പോലും ലോറികളില്‍ കൊച്ചിയിലേക്ക് മാലിന്യം തള്ളാന്‍ കൊണ്ടു വരുന്നത്. മാലിന്യം കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി മുഴുവന്‍ കളമശേരിയില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. പുലര്‍ച്ചെ അഞ്ചുമണിവരെ തുടരുന്ന ഈ പരിശോധനയിലാണ് ഈ മൂന്ന് ലോറികളും പിടികൂടിയത്. ഈ വാഹനങ്ങള്‍ പൊലീസിന് കൈമാറുമെന്ന് നഗരസഭ അറിയിച്ചു.
മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ചെറിയ പിഴ ഈടാക്കി പൊലീസ് വിട്ടു നല്‍കുന്നത് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവിലൂടെ മാത്രമേ ഇനി ഇത്തരം വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam