
വയനാട്: വയനാട് അമ്പലവയലിൽ കിണറിൽ മാലിന്യം തള്ളിയതായി പരാതി. മാളിക പാലയ്ക്കൽ ദാസന്‍റെ കിണറിലാണ് കക്കൂസ് മാലിന്യം അടക്കം കൊണ്ടിട്ടത്. അസഹ്യമായ ദുർഗന്ധം കാരണം കുടുക്കാനുള്ള വെള്ളം പോലും ഇല്ലാത്തെ അവസ്ഥയിലാണ് വീട്ടുകാര്‍. കിണറിന് ചുറ്റും പ്ലാസ്റ്റിക്ക് കൊണ്ടിടുകയും വെള്ളത്തിൽ കക്കൂസ് മാലിന്യം തള്ളുകയുമാണ് സാമൂഹ്യ വിരുദ്ധര്‍ ചെയ്തത്. ബെഡ്ഷീറ്റ്, ബെഡ് എന്നിവയും കിണറ്റിന് അകത്തിട്ടു.
അസഹ്യമായ ദുർഗന്ധമുണ്ടായപ്പോഴാണ് ഇതെല്ലാം വീട്ടുകാര്‍ കണ്ടെത്തിയത്. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. വീടുപണി നടക്കുന്നതിനാൽ ആളില്ലാത്ത സമയം നോക്കിയാകും മാലിന്യം തള്ളിയത് എന്നാണ് നിഗമനം. ദാസ് അമ്പലവയൽ പൊലീസിലും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും മാലിന്യം വലിച്ചെറിയല്‍ തടയുന്നതിനായി വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയോ സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കര്‍ശനമാക്കണം. വലിയ തോതില്‍ മാലിന്യം തള്ളുന്ന കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കാറ്ററിംഗ് സെന്‍ററുകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം.
പൂര്‍ണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളില്‍ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കണം. ചെറിയ കുടിവെള്ളക്കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം