തന്‍റെ കൈവശമുണ്ടായിരുന്ന ചെറിയ ബുക്കിൽ എഴുതി വെച്ച നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നീണ്ട നിരയിൽ നിന്ന് ഒരാളെ മനസിൽ കരുതുവാൻ നിജോ മന്ത്രിയോട് ആവശ്യപ്പെട്ടു.
മാന്നാർ: മനസിൽ വിചാരിച്ചത് എട്ടാം ക്ലാസുകാരൻ പേപ്പറിൽ എഴുതി കാണിച്ചപ്പോള്‍ ഞെട്ടിയത് മന്ത്രി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മിന്നും പ്രകടനത്തില്‍ ആകെ അമ്പരന്ന് പോയത് മന്ത്രി സജി ചെറിയാനാണ്. മാന്നാർ മീഡിയ സെന്‍ററിന്‍റെ ഓണാഘോഷവും കുടുംബ സംഗമവും ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സജി ചെറിയാൻ. എട്ടാം ക്ലാസ് വിദ്യാർത്ഥി നിജോമോൻ നിബുവാണ് താരമായി മാറിയത്.
തന്‍റെ കൈവശമുണ്ടായിരുന്ന ചെറിയ ബുക്കിൽ എഴുതി വെച്ച നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നീണ്ട നിരയിൽ നിന്ന് ഒരാളെ മനസിൽ കരുതുവാൻ നിജോ മന്ത്രിയോട് ആവശ്യപ്പെട്ടു. മനസിൽ കരുതിയ ആളിന്‍റെ പേര് തന്നെ നിജോമോൻ എഴുതിക്കാണിച്ചപ്പോൾ മന്ത്രി സജി ചെറിയാൻ അമ്പരന്നു. അത് ശരിയാണെന്ന് മന്ത്രി സ്ഥിരീകരിച്ചതോടെ സദസ്സിൽ കരഘോഷങ്ങളും ഉയർന്നു.
പിണറായി വിജയനെ ആയിരുന്നു സജി ചെറിയാൻ മനസിൽ വിചാരിച്ചത്. മെന്‍റലിസത്തിന്‍റെ സാധ്യതകൾ മനസിലാക്കി ചെറിയ പ്രായത്തിൽ തന്നെ സ്വന്തം പിതാവിൽ നിന്ന് സ്വായത്തമാക്കിയ കഴിവിന്റെ അരങ്ങേറ്റം കൂടിയാണ് നിജോ മന്ത്രിക്ക് മുന്നില്‍ പുറത്തെടുത്തത്. മാന്നാർ മീഡിയ സെന്‍റര്‍ അംഗവും ദൃശ്യ മാധ്യമ പ്രവർത്തകനുമായ മല്ലപ്പള്ളി തുരുത്തിക്കാട് ചെറുകുന്നേൽ നിബു - ജ്യോതി ദമ്പതികളുടെ ഏക മകനാണ് 12 വയസുകാരനായ നിജോമോൻ നിബു.

പിതാവിൽ നിന്ന് പകർന്നു കിട്ടിയ ജാലവിദ്യകൾ കാട്ടി കൂട്ടുകാരെ വിസ്മയിപ്പിക്കാറുള്ള നിജോ പുതുശ്ശേരി എം ജി ഡി ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. നിജോമോൻ ടെൻഷനോടെയാണ് തന്‍റെ കഴിവ് പ്രദർശിപ്പിക്കാൻ എത്തിയതെങ്കിലും മന്ത്രി സജി ചെറിയാൻ തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ ഏറെ സന്തോഷവാനായി. കൂടുതൽ ഉയരങ്ങളിലേക്കെത്തുവാൻ ആശംസിച്ച മന്ത്രി മീഡിയ സെന്റർ വക ഉപഹാരവും നിജോമോന് സമ്മാനിച്ചു.
