
കോട്ടയം: വർഷത്തിൽ എട്ട് മാസവും വെള്ളം കയറി കിടക്കുന്ന ഒരു കോളനിയുണ്ട് കോട്ടയത്ത്. മന്ത്രി വി എൻ വാസവന്‍റെ മണ്ഡലത്തിലെ തിരുവാർപ്പ് മാധവശ്ശേരി കോളനി. വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാട് അധികാരികളോട് പറഞ്ഞ് മടുത്തിരിക്കുകയാണ് ഈ കോളനിക്കാർ.
വീട്ടിനകത്ത് സിമന്‍റ് ഇഷ്ടികയിട്ട് നടക്കേണ്ട ഗതികേടാണ് ഈ കോളനിക്കാരുടേത്. 30 വർഷമായി മാധവശ്ശേരി കോളനിക്കാർ ഈ ദുരിതം അനുഭവിക്കുകയാണ്. എല്ലാം ശരിയാകും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി. മന്ത്രിയുടെ മണ്ഡലമായിട്ടും ഒന്നും ശരിയായിട്ടില്ല. മഴ പെയ്താലും ഇല്ലെങ്കിലും സർവത്ര വെള്ളക്കെട്ടാണ്. എല്ലാ ഏപ്രിൽ മുതൽ ജൂൺ വരെയും വെള്ളക്കെട്ടുതന്നെ.
കോളനിക്ക് നാല് വശവും ജലാശയങ്ങളാണ്. സമീപത്തെ ശവകോട്ടപ്പാറ പാടത്ത് രണ്ടാം കൃഷി ചെയ്യാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. കൃഷിയില്ലാത്തപ്പോൾ ബണ്ട് കെട്ടാറില്ല. ഇതോടെ വെള്ളം നേരെ കോളനിയിലേക്ക് കയറും. കൊതുക് ശല്യവും ഇവിടെ രൂക്ഷമാണ്. നല്ലൊരു നടപ്പാതയെന്ന ആവശ്യത്തിനും പ്രായമേറെയായി.
നാൽപത് കുടുംബങ്ങളാണ് ഈ വെള്ളക്കെട്ടിനൊപ്പം താമസിക്കുന്നത്. ചിലരൊക്കെ വീടൊഴിഞ്ഞ് പോയി. നാല് വശവും ബണ്ട് കെട്ടുക മാത്രമാണ് ഇനി പോംവഴി. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്ന് വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ് ഈ കോളനിക്കാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam