പെട്രോൾ പമ്പിലെ ഇന്ധനടാങ്കിൽ വെള്ളം കയറി; വാഹനങ്ങൾ പെരുവഴിയിലായി

By Web TeamFirst Published May 22, 2020, 3:41 PM IST
Highlights

സംഭവം വഷളാകുമെന്നായതോടെ ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്ന് പമ്പ് അധികൃതർ അറിയിച്ചു. പമ്പ് അധികൃതർ വാക്കു പാലിച്ചില്ലെങ്കിൽ പോലീസ് കേസുമായി മുന്നോട്ടു പോകാനാണ് ഉപഭോക്താക്കളുടെ തീരുമാനം.

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ വെള്ളം കയറി. ഇവിടെ നിന്ന് ഇന്ധനം നിറച്ച നൂറ് കണക്കിന് ആളുകളുടെ വാഹനങ്ങൾ തകരാറിലായി. വാഹനങ്ങൾക്ക് വേണ്ട നഷ്ടപരിഹാരം നൽകുമെന്ന് പമ്പ് അധികൃതർ അറിയിച്ചു.

വട്ടിയൂർക്കാവ് ജലജ പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. ഇന്നലെ പ്രദേശത്ത് ചെറിയ തോതിൽ മഴ പെയ്തിരുന്നു. ഉയർന്ന പ്രദേശമായതിനാൽ വെളളം കെട്ടി നിന്നിട്ടുമില്ല. മതിയായ സുരക്ഷയില്ലാതെ ഇന്ധന സംഭരണികൾ സ്ഥാപിച്ചതാണ് പെട്രോൾ ടാങ്കിൽ വെളളം കയറാൻ കാരണം. ഇന്ന് രാവിലെ പമ്പിൽ നിന്ന് പെട്രോൾ അടിച്ച് നിറച്ച വാഹനങ്ങൾ വഴിയിൽ തന്നെ നിന്നു പോയി. തുടർന്ന് വർക്ക് ഷോപ്പുകളിൽ നിന്നെത്തിയവർ പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെളളം കയറിയതായി മനസ്സിലായത്.

ഇതോടെ പമ്പിൽ നിന്ന് പെട്രോൾ നിറച്ച ഭൂരിഭാഗം ആളുകളും തിരിച്ച് വന്ന് നഷ്പരിഹാരം ആവശ്യപ്പെട്ടു. പലരുടെയും വാഹനങ്ങൾ വർക്ക് ഷോപ്പുകളിലാണ്. സംഭവം വഷളാകുമെന്നായതോടെ ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്ന് പമ്പ് അധികൃതർ അറിയിച്ചു. പമ്പ് അധികൃതർ വാക്കു പാലിച്ചില്ലെങ്കിൽ പോലീസ് കേസുമായി മുന്നോട്ടു പോകാനാണ് ഉപഭോക്താക്കളുടെ തീരുമാനം.

click me!