അരുവിക്കര ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി; നഗരത്തിൽ ജലവിതരണം മുടങ്ങി

By Web TeamFirst Published Jan 4, 2020, 4:36 PM IST
Highlights

 ഇന്ന് ഉച്ച മുതൽ നാളെ രാവിലെ വരെയാണ് ജലവിതരണം തടസ്സപ്പെടുക.
 

തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണ ശാലയിലെ രണ്ടാംഘട്ട നവീകരണ ജോലികളെത്തുടര്‍ന്ന്  തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങി. ഇന്ന് ഉച്ച മുതൽ നാളെ രാവിലെ വരെയാണ് ജലവിതരണം തടസ്സപ്പെടുക.

നഗരത്തിലെ കുടിവെളള വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് അരുവിക്കരയിലെ ജലശുദ്ധീകരണശാലകളിൽ അറ്റകുറ്റപ്പണി നടത്തുന്നത്. ആദ്യഘട്ട നവീകരണം ഡിസംബര്‍ 13ന് പൂര്‍ത്തീകരിച്ചിരുന്നു. 86 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണജോലികളാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. 20 വർഷത്തിലേറെ പഴക്കമുളള പമ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്.

നാല് ഘട്ടങ്ങളിലായാണ് അരുവിക്കര ജലശുദ്ധീകരണശാലയിൽ നവീകരണജോലികൾ നടക്കുന്നത്. നവീകരണജോലികൾ അടുത്തമാസം പൂർത്തിയാകുമെന്നാണ് ജല അതോറിട്ടിയുടെ വിലയിരുത്തൽ.

പേരൂർക്കട, ശാസ്തമംഗംലം, മെഡിക്കൽ കോളേജ്, ആക്കുളം, കഴക്കൂട്ടം മേഖലകളിലെല്ലാം ജലവിതരണം തടസ്സപ്പെട്ടു. ടാങ്കറുകളിൽ കൂടുതൽ വെളളമെത്തിച്ചാണ്  ജലഅതോറിറ്റി ഈ പ്രതിസന്ധി പരിഹരിക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ നഗരത്തിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും.


 

click me!