എഴുതി നേടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഫ

By Web TeamFirst Published Jan 4, 2020, 7:38 AM IST
Highlights

പൂക്കോളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയായ സഫ സ്വയം രചിച്ച പുസ്തകങ്ങൾ വിൽപന നടത്തി നേടിയ 20,500 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

മലപ്പുറം: എഴുതി നേടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് തൃപ്പനച്ചി മുത്തനൂർ സ്വദേശി ഒ.പി. അഹമ്മദ് കുട്ടിയുടെയും കെ. സുലൈഖ യുടെയും മകളായ സഫ മറിയം. പൂക്കോളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയായ സഫ സ്വയം രചിച്ച പുസ്തകങ്ങൾ വിൽപന നടത്തി നേടിയ 20,500 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സ്‌കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജു മാത്യു, സ്റ്റാഫ് സെക്രട്ടറി കബീർ മാസ്റ്റർ, മലയാളം അധ്യാപിക വത്സമ്മ, അധ്യാപകനായ സിദ്ധീഖ് അലി, പിതാവ് ഒ.പി. അഹമ്മദ് കുട്ടി എന്നിവർക്കൊപ്പം കലക്ടറേറ്റിലെത്തിയ സഫ തുക ജില്ലാ കലക്ടർ ജാഫർ മലികിന് കൈമാറി.

കുട്ടിക്കാലം മുതൽ സാഹിത്യത്തിൽ അഭിരുചി പുലർത്തിയ സഫ ഏഴാം ക്ലാസ് മുതലാണ് എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. ചെറുകഥയും നോവലുമാണ് ഏറ്റവും ഇഷ്ട്ടപെട്ട മേഖല. ഇതുവരെ മൂന്നു പുസ്തകങ്ങളാണ് ഈ കൊച്ചു മിടുക്കി മലയാള സാഹിത്യത്തിനു സമ്മാനിച്ചത്. ബോൺസായി എന്ന നോവലാണ് അവസാനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നവംബറിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വളത്തോൾ പ്രകാശനം ചെയ്ത നോവൽ സ്‌കൂളിലും പുറത്തുമായി പുസ്തകം വില്പന നടത്തിയതിലൂടെ ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.

കഴിഞ്ഞ പ്രളയകാലം സഫ നോവലിന്റെ പണിപ്പുരയിലായിരുന്നു. അന്നെടുത്ത തീരുമാനമായിരുന്നു പുസ്തകത്തിലൂടെ ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നത്. എഴുത്തിൽ സഫക്ക് അധ്യാപകരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണയാണുള്ളത്. സഫയുടെ തെരഞ്ഞെടുത്ത കഥകളായിരുന്നു പുസ്തകങ്ങളിൽ ആദ്യത്തേത്. ശേഷം കല്ലുപ്പ് എന്ന നോവലും സഫ രചിച്ചു.
 

click me!